വാഹന പരിശോധന: 11.19 ലക്ഷം പിഴ ചുമത്തി

Posted on: August 22, 2013 7:30 am | Last updated: August 22, 2013 at 7:30 am
SHARE

മലപ്പുറം: മോട്ടോര്‍ വാഹന നിയമം ലംഘിച്ച് മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള നമ്പര്‍ പ്ലേറ്റുകള്‍, കൂളിംഗ് ഫിലിമുകള്‍, എയര്‍ഹോണുകള്‍ എന്നിവ ഘടിപ്പിച്ച വാഹന ഉടമകളില്‍ നിന്നും ജൂലൈ ഒന്ന് മുതല്‍ ആഗസ്റ്റ് 18 വരെ വാഹന വകുപ്പ് 11.19 ലക്ഷം പിഴ ഈടാക്കി. കൂളിംഗ് ഫിലിം സ്ഥാപിച്ചതിനാണ് കൂടുതല്‍ പിഴ ഈടാക്കിയത്. 222 വാഹന ഉടമകളില്‍ നിന്നും ഇത്തരത്തില്‍ പിഴ ഈടാക്കി.
മാനദണ്ഡങ്ങള്‍ പാലിക്കാതെ നമ്പര്‍പ്ലേറ്റ് സ്ഥാപിച്ച 23 വാഹനങ്ങളില്‍ നിന്നും പിഴ ഈടാക്കിയതായി ആര്‍ ടി ഒ വി.സുരേഷ് കുമാര്‍ അറിയിച്ചു. മുന്നിലും പുറകിലും നമ്പര്‍ പ്ലേറ്റ് സ്ഥാപിക്കാത്ത വാഹനങ്ങള്‍, നിഷ്‌കര്‍ഷിച്ച വലുപ്പത്തിലും രൂപത്തിലും നമ്പര്‍ രേഖപ്പെടുത്താത്ത വാഹനങ്ങള്‍ എന്നിവക്കെതിരെയാണ് നടപടിയെടുത്തത്. നിബന്ധനകള്‍ പാലിക്കാതെ എയര്‍ഹോണുകള്‍ സ്ഥാപിച്ച 107 വാഹനങ്ങളില്‍ നിന്നും പിഴ ഈടാക്കി.
85 – 105 ഡെസിബലിനു മുകളില്‍ ശബ്ദമുണ്ടാക്കുന്ന എയര്‍ഹോണുകള്‍ സ്ഥാപിച്ചവര്‍ക്ക് എതിരെയാണ് നടപടി സ്വീകരിച്ചത്. അനാവശ്യമായും പൊതുജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കുന്നതുമായ ഹോണുകള്‍ സ്ഥാപിച്ചവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
അനാവശ്യമായി ഹോണ്‍ അടിക്കുന്നത് മൂലം ഡ്രൈവറുടെ ശ്രദ്ധമാറുന്നത് അപകടങ്ങള്‍ക്ക് ഇടയാകുന്നത് കണക്കിലെടുത്താണ് നടപടി.