Connect with us

National

അതിര്‍ത്തിയില്‍ വീണ്ടും ചൈനീസ് നുഴഞ്ഞുകയറ്റം

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനീസ് സേന നുഴഞ്ഞുകയറി മൂന്ന് ദിവസം തങ്ങിയതായി റിപ്പോര്‍ട്ട്. ലഡാക്കില്‍ നുഴഞ്ഞു കയറിയതിന് പിന്നാലെയാണ് ചൈനീസ് സേനാംഗങ്ങള്‍ അരുണാചല്‍ പ്രദേശില്‍ താമസിച്ചത്. ഈ മാസം 13നാണ് ഇന്ത്യന്‍ സൈന്യത്തിന്റെ രണ്ടാം ഡിവിഷനില്‍ പെടുന്ന അരുണാചല്‍ പ്രദേശിലെ ഛഗഌഗാമില്‍ 20 കിലോമീറ്ററോളം പ്രദേശത്ത് ചൈനയുടെ ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി അംഗങ്ങള്‍ നുഴഞ്ഞുകയറിയത്. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ചൈനീസ് സേന പിന്മാറുകയും ചെയ്തു. ഇന്ത്യന്‍ ഭാഗത്ത് കടന്നചൈനീസ് സൈന്യത്തെ ഇന്ത്യന്‍ സൈന്യം തടഞ്ഞതായും പ്രദേശം വിട്ടുപോകാന്‍ ഇരു വിഭാഗവും ബാനറുകള്‍ പ്രദര്‍ശിപ്പിച്ചതായുമാണ് റിപ്പോര്‍ട്ട്.
അതേസമയം ചൈനയുടെ സേന കടന്നുകയറിയ ശേഷം പിന്‍വാങ്ങിയെന്നാണ് ഇന്ത്യന്‍ സൈന്യത്തിന്റെ വിശദീകരണം. ചൈനയുടെ നുഴഞ്ഞുകയറ്റത്തെ ഗൗരവമായി കാണേണ്ടതില്ലെന്നും സൈന്യം വ്യക്തമാക്കി. ഇരു രാജ്യങ്ങളും തങ്ങളുടെതെന്ന് അവകാശപ്പെടുന്ന സ്ഥലത്ത് പട്രോളിംഗിനിടെ ഇത്തരം സംഭവങ്ങള്‍ സാധാരണമാണെന്നുമാണ് സൈന്യത്തിന്റെ വിശദീകരണം. അതേസമയം ചൈനീസ് സേന നുഴഞ്ഞുകയറിയതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഇന്തോ-ടിബറ്റന്‍ സേന അതിര്‍ത്തിയില്‍ ജാഗ്രത പാലിക്കുന്നുന്നതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. സേനാ ഡിവിഷന്റെ ഡെപ്യൂട്ടി കമാന്‍ഡര്‍ പ്രശ്‌നത്തില്‍ ഇടപെട്ടു.
ഏപ്രിലില്‍ ചൈനീസ് സേന ലഡാക്കില്‍ 19 കിലോമീറ്ററോളം നുഴഞ്ഞുകയറി അവിടെ ടെന്‍ഡുകള്‍ സ്ഥാപിച്ചതിന് പിന്നാലെയാണ് വീണ്ടും ചൈനീസ് പ്രകോപനം. നിരവധി തവണ നടത്തിയ ഉന്നതതല ചര്‍ച്ചകളെ തുടര്‍ന്ന് മൂന്നാഴ്ചക്ക് ശേഷമാണ് അന്ന് ചൈനീസ് ഭടന്മാര്‍ പിന്‍വാങ്ങിയത്. കഴിഞ്ഞ എട്ട് മാസത്തിനിടെ 150 തവണ ചൈനീസ് സൈനികര്‍ നുഴഞ്ഞുകയറിയെന്നാണ് സൈന്യത്തിന്റെ കണക്ക്.
ചൈനയുടെ നിരന്തര നുഴഞ്ഞുകയറ്റത്തിന്റെ പശ്ചാത്തലത്തില്‍, വ്യോമസേനയുടെ സി-130ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് പോര്‍ വിമാനം കിഴക്കന്‍ ലഡാക്കിലെ ദൗലത്‌ബേഗ് ഓള്‍ഡി വ്യോമത്താവളത്തില്‍ കഴിഞ്ഞ ദിവസം ഇറങ്ങി ശക്തി തെളിയിച്ചിരുന്നു.

Latest