സാമ്പത്തിക നേട്ടത്തിനെന്ന് കലക്ടര്‍; അവഹേളിക്കുകയാണെന്ന് ജസീറ

Posted on: August 22, 2013 12:46 am | Last updated: August 22, 2013 at 12:46 am
SHARE

sandminingതിരുവനന്തപുരം: തീരദേശങ്ങളിലെ മണല്‍ കടത്തിനെതിരെ കണ്ണൂര്‍ മാടായി സ്വദേശി ജസീറയുടെ സമരം തട്ടിപ്പാണെന്ന് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പിയുടെ അന്വേഷണം അടിസ്ഥാനമാക്കിയാണ് കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ കലക്ടര്‍ വ്യക്തിപരമായി അവഹേളിക്കുകയാണെന്നും റിപ്പോര്‍ട്ട് പിന്‍വലിച്ച് മാപ്പ് പറയണമെന്നും ജസീറ. മുഖ്യമന്ത്രി കലക്ടറുടെ റിപ്പോര്‍ട്ട് തള്ളിക്കളയണം. നിജസ്ഥിതി മനസ്സിലാക്കി സമരത്തില്‍ താന്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ അംഗീകരിക്കണം. കലക്ടറുടെ റിപ്പോര്‍ട്ടിലെ അപകീര്‍ത്തിപരകമായ പരാമര്‍ശങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുമെന്നും ജസീറ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജസീറ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം ആരംഭിച്ചതിനെ തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കണ്ണൂര്‍ കലക്ടര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് കലക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ജസീറയുടെ സമരം തട്ടിപ്പാണെന്ന് പരാമര്‍ശമുള്ളത്. കലക്ടറുടെ നിര്‍ദേശപ്രകാരം സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി നടത്തിയ അന്വേഷണത്തില്‍ സമരത്തിന്റെ പേരില്‍ ജസീറക്ക് സംഭാവനകള്‍ ലഭിക്കുന്നതായും തലച്ചുമടായി മണല്‍ കടത്തുന്നവരെ മാത്രമാണ് ജസീറ എതിര്‍ക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വന്തം കുടുംബത്തിന്റെയോ പ്രദേശവാസികളുടെയോ പിന്തുണ പോലും അവര്‍ക്കില്ല. ജസീറയുടെ പരാതി മാത്രം പരിഗണിച്ചാണ് പുതിയങ്ങാടി കടല്‍ തീരത്ത് പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചത്. മണല്‍ കടത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതായി പഴയങ്ങാടി പോലീസ് ഇന്‍സ്‌പെക്ടറും റവന്യൂ അധികൃതരും നല്‍കിയ വിവരങ്ങളും കലക്ടറുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ജസീറയുടെ ആവശ്യ പ്രകാരം കടല്‍ത്തീരത്ത് പോലീസ് പിക്കറ്റ് ഏര്‍പ്പെടുത്തിയിട്ടും അവസാനിപ്പിക്കാത്ത സമരം തട്ടിപ്പാണെന്നും ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.
എന്നാല്‍, കലക്ടറുടെ റിപ്പോര്‍ട്ട് തന്നെ വ്യക്തിപരമായി അവഹേളിക്കുന്നതാണെന്ന് ജസീറ ആരോപിച്ചു. എയ്ഡ് പോസ്റ്റ് സ്ഥാപിച്ചിട്ടും പോലീസിന്റെ ഒത്താശയോടെ മണലൂറ്റ് തുടരുന്നുണ്ട്. സമരം അവഗണിച്ചപ്പോഴാണ് സെക്രട്ടേറിയറ്റിനു മുന്നിലേക്ക് സമരം മാറ്റിയത്. സുഗതകുമാരിയടക്കമുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ തന്റെ സമരത്തിന് പിന്തുണ അറിയിച്ചു. മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും പിന്തുണക്കുന്നുണ്ട്. മദ്‌റസാ അധ്യാപകനായ ഭര്‍ത്താവിന് കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം ജീവിക്കുന്നത്. സമരത്തിനെത്തിയപ്പോള്‍ നിരവധി പേര്‍ സഹായവുമായി വന്നു. താന്‍ അതൊന്നും സ്വീകരിച്ചിട്ടില്ല. തന്റെ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം കഴിക്കാനും മറ്റുമായി നിര്‍ബന്ധിച്ചേല്‍പ്പിക്കുന്ന സഹായങ്ങള്‍ മാത്രമാണ് സ്വീകരിക്കുന്നതെന്നും ജസീറ വ്യക്തമാക്കി.