Connect with us

Kerala

ആള്‍മാറാട്ടം: തട്ടിപ്പ് നടത്തിയയാള്‍ അറസ്റ്റില്‍

Published

|

Last Updated

കൊല്ലം: ആള്‍മാറാട്ടം നിരവധി തട്ടിപ്പുകള്‍ നടത്തിയയാള്‍ അറസ്റ്റില്‍. വിവാഹപരസ്യം നല്‍കി സ്ത്രീകളെ കബളിപ്പിച്ച് പണം തട്ടുകയും ബ്രിട്ടനിലും യു എസിലും വിസ നല്‍കാമെന്നും പറഞ്ഞ് കൊല്ലം, തിരുവനന്തപുരം, മലപ്പുറം ജില്ലകളിലായി നിരവധിപേരെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടുകയും ചെയ്ത് വര്‍ക്കല വെട്ടൂര്‍ വില്ലേജില്‍ വെട്ടൂര്‍ വി കെ ഹൗസില്‍ ഷഹാര്‍കുട്ടിയെ (53)യാണ് കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം ആശ്രാമം ശ്രീകൃഷ്ണ നഗറില്‍ താമസിക്കുന്ന തിരുവനന്തപുരം വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ ജോലി ചെയ്തുവരുന്ന രാമദാസന്‍ ആചാരി എന്നയാളുടെ മകന് ബ്രിട്ടനില്‍ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി തരപ്പെടുത്താമെന്ന് പറഞ്ഞ് ഇയാള്‍ സര്‍ട്ടിഫിക്കറ്റുകളും രണ്ട് തവണയായി 2,30,000 രൂപയും ആള്‍മാറാട്ടം നടത്തി കബളിപ്പിച്ചതായി കൊല്ലം ഈസ്റ്റ് പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് വീരനെ അറസ്റ്റ് ചെയ്തത്.
കൊല്ലം അസ്സിസ്റ്റന്റ് കമ്മീഷണര്‍ ബി കൃഷ്ണകുമാറിന്റെ നിര്‍ദേശപ്രകാരം കൊല്ലം ഈസ്റ്റ് സി ഐ. എസ് ഷെരീഫ്, എസ് ഐ. ജി ഗോപകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പത്തനംതിട്ടയിലെ ഒരു ലോഡ്ജില്‍ നിന്ന് അറസ്റ്റ് ചെയ്തത്.