സബര്‍ബന്‍ ട്രെയിനിന് സാധ്യതാ പഠനം നടത്തും

Posted on: August 22, 2013 6:22 am | Last updated: August 21, 2013 at 11:32 pm
SHARE

suburbantrainതിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ചെങ്ങന്നൂരിലേക്കും ഹരിപ്പാട്ടേക്കും സബര്‍ബന്‍ ട്രെയിന്‍ സര്‍വീസ് തുടങ്ങുന്നതിനുള്ള സാധ്യതാ പഠനം നടത്താന്‍ മഹാരാഷ്ട്ര-കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബോംബെ വികാസ് കോര്‍പ്പറേഷനെ നിയോഗിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുബൈയിലെ സബര്‍ബര്‍ ട്രെയിന്‍ സര്‍വീസിന്റെ മാതൃകയിലുള്ള മെമു സര്‍വീസാണ് ലക്ഷ്യമിടുന്നത്.
ഈ റൂട്ടിലെ നിലവിലുള്ള റെയില്‍വേ ലൈനില്‍ ഓട്ടോമാറ്റിക് സിഗ്‌നല്‍ സംവിധാനം ഏര്‍പ്പെടുത്തും. തിരക്ക് കൂടിയ സമയത്ത് തുടര്‍ച്ചയായി സര്‍വീസ് നടത്തുന്നതിനാണ് ഉദ്ദേശിക്കുന്നത്. ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ബിജു പ്രഭാകര്‍ മുംബൈയില്‍ പോയി സബര്‍ബന്‍ സര്‍വീസുകളെ കുറിച്ച് പരിശോധിച്ച് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് തീരുമാനം.
സംസ്ഥാന സര്‍ക്കാറും റെയില്‍വേയും ചേര്‍ന്നാണ് വിവിധോദ്ദേശ്യ സംവിധാനത്തിന് രൂപം നല്‍കുന്നത്. മെമു നിര്‍ത്തുന്ന സ്റ്റേഷനുകളും വികസിപ്പിക്കും. ഇതിനായി പണം അധികമായി കണ്ടെത്തേണ്ടത് സംസ്ഥാന സര്‍ക്കാറിന്റെ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു.
നിലവിലോടുന്ന പാസഞ്ചര്‍, എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസുകള്‍ക്ക് തടസ്സമില്ലാതെയായിക്കും മെമു സര്‍വീസ് നടത്തുക. റെയില്‍വേ നടത്തുന്ന മെമു സര്‍വീസുകളെയും ഇത് ബാധിക്കില്ല. എന്നാല്‍ തിരക്കുള്ള സമയത്ത് ഗുഡ്‌സ് ട്രെയിന്‍ സര്‍വീസ് നിയന്ത്രിക്കും. ഒരു കിലോമീറ്ററിന് 20 കോടി രൂപയാണ് ചെലവെന്നാണ് പ്രാഥമിക വിലയിരുത്തല്‍. മെട്രോ, മോണോ, ഹൈ സ്പീഡ് കോറിഡോര്‍ എന്നിവയേക്കാളും ചെലവ് കുറഞ്ഞ രീതിയായതിനാല്‍ ഇത് നടപ്പാക്കുമ്പോള്‍ റോഡിലെ തിരക്ക് ഒരു പരിധി വരെ കുറക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരത്തിനും ഹരിപ്പാട്ടിനും ഇടയില്‍ ഇപ്പോള്‍ 25 സ്റ്റേഷനുകളാണുള്ളത്. സ്റ്റേഷനുകളില്‍ ഒരു മിനിട്ട് മാത്രമാണ് നിര്‍ത്തുന്നത്. അതിനിടെ യാത്രക്കാര്‍ക്ക് ഇറങ്ങാനും കയറാനും സൗകര്യം ഉണ്ടാകണം. പ്ലാറ്റ്‌ഫോമുകളുടെ ഉയരം വര്‍ധിപ്പിക്കണം. ഇത്തരം കാര്യങ്ങളാണ് പരിശോധിക്കുന്നത്. നിലവില്‍ തിരുവനന്തപുരം മുതല്‍ ചെങ്ങന്നൂര്‍ വരെയും ഹരിപ്പാട് വരെയും ഇരട്ടപ്പാതയായതിനാല്‍ മെമു സര്‍വീസ് നടത്താനാകും. എറണാകുളം വരെയുള്ള പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാകുമ്പോള്‍ മെമു സര്‍വീസ് എറണാകുളത്തേക്ക് നീട്ടാനാകും. ടെക്‌നോ പാര്‍ക്ക് സ്ഥിതി ചെയ്യുന്നതിനാല്‍ കഴക്കൂട്ടത്ത് എല്ലാ ട്രെയിനുകളും നിര്‍ത്തണമെന്ന ആവശ്യം മന്ത്രിസഭ ചര്‍ച്ച ചെയ്യുമ്പോഴാണ് മെമു സര്‍വീസ് എന്ന ആശയം ഉയര്‍ന്നത്.
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പോയപ്പോള്‍ സംസ്ഥാനത്ത് റെയില്‍വേ സോണ്‍ രൂപവത്കരിക്കുന്നത് സംബന്ധിച്ച് കേന്ദ്ര റെയില്‍വേ മന്ത്രിയുമായി ചര്‍ച്ച നടത്തി. സംസ്ഥാനത്തിന് റെയില്‍വേയെ കുറിച്ചുള്ള പരാതിയേക്കാള്‍ അധികം റെയില്‍വേക്ക് കേരളത്തെ കുറിച്ചുണ്ട്. കേരളത്തിനായി റെയില്‍വേ അനുവദിക്കുന്ന ഫണ്ടുകളും പദ്ധതികളും നടപ്പാക്കാന്‍ കഴിയുന്നില്ലെന്നാണ് റെയില്‍വേയുടെ പരാതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.