ജീവന്‍ രക്ഷാ നീന്തല്‍ പരിശീലനത്തിന് തുടക്കം

Posted on: August 21, 2013 11:43 pm | Last updated: August 21, 2013 at 11:43 pm
SHARE

വാരം: എളയാവൂര്‍ സി എച്ച് എം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ച ജീവന്‍ രക്ഷാ നീന്തല്‍ പരിശീലനം എ പി അബ്ദുല്ലക്കുട്ടി എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഇന്നലെ രാവിലെ നടന്ന ഉദ്ഘാടന ചടങ്ങിന് ശേഷം എം എല്‍ എയും നീന്തല്‍ കുളത്തിലിറങ്ങി നീന്തി. ഡയരക്ടറേറ്റ് ഓഫ് സ്‌പോര്‍ട്‌സ് ആന്‍ഡ് യൂത്ത് അഫയേര്‍സ് രാഷ്ട്രീയ ലൈഫ് സേവിംഗ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് വിദ്യാര്‍ഥികള്‍ക്കായി നീന്തല്‍ പരിശീലനം നടക്കുന്നത്. സ്‌കൂള്‍ മുറ്റത്ത് റെക്‌സിന്‍ ഷീറ്റുകളുപയോഗിച്ച് തയ്യാറാക്കിയ പോര്‍ട്ടബിള്‍ നീന്തല്‍ കുളത്തിലാണ് പരിശീലനം. കുട്ടികള്‍ക്കൊപ്പം നീന്താനിറങ്ങിയ എം എല്‍ എ യെ കുട്ടികള്‍ പിന്നിലാക്കി. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം നീന്തല്‍കുളമാണ് തയ്യാറാക്കിയത്. 20 ദിവസം നീണ്ട് നില്‍ക്കുന്ന പരിശീലനമാണ് നല്‍കുന്നത്.
ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രകാശിനി അധ്യക്ഷത വഹിച്ചു. സ്‌പോര്‍ട്‌സ് ആന്റ് യൂത്ത് അഫയേര്‍സ് അഡീഷനല്‍ ഡയറക്ടര്‍ എസ് നജ്മുദ്ദീന്‍, അജ്മിറല്‍ പി ഡി ശര്‍മ, സി ആര്‍ വിജയനുണ്ണി, കെ മുസ്തഫ, സി സുഹൈദ്, പി ആരിഫ് പ്രസംഗിച്ചു.