യാത്രക്കാരെ പൈലറ്റ് ബന്ദിയാക്കിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സമന്‍സയച്ചു

Posted on: August 21, 2013 11:38 pm | Last updated: August 21, 2013 at 11:38 pm
SHARE

Air india_02new.jpg.jpg.crop_display_0കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യാ പൈലറ്റ് നൂറ്റമ്പതോളം യാത്രക്കാരെ ബന്ദിയാക്കി പീഡിപ്പിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ചെയര്‍മാനും പൈലറ്റ് രൂപാലി വാഗ്മാരിക്കും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സമന്‍സയച്ചു.
പൈലറ്റിനെതിരെ ക്രിമിനല്‍ നടപടിക്രമമനുസരിച്ചുള്ള പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കാതിരിക്കാനും എയര്‍ ഇന്ത്യ എക്‌സ്പ്രസിനെതിരെ നഷ്ടപരിഹാര കേസെടുക്കാതിരിക്കാനും കാരണം ബോധിപ്പിക്കണമെന്ന് നിര്‍ദേശിച്ചാണ് കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ബെഞ്ചമിന്‍ കോശി സമന്‍സിന് ഉത്തരവിട്ടത്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെയും പൈലറ്റിന്റെയും ഭാഗത്ത് നിന്ന് കൃത്യവിലോപമുണ്ടായെന്ന് വ്യക്തമാക്കുന്ന ഡി ജി പിയുടെ അന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മനുഷ്യാവകാശ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ചിരുന്നു. യാത്രക്കാരെ 12 മണിക്കൂര്‍ വെള്ളം പോലും നല്‍കാതെ പീഡിപ്പിച്ചത് കുറ്റകരമായ നടപടിയായെന്ന് ഡി ജി പിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പൈലറ്റിനെതിരെ വകുപ്പ് തല നടപടിക്കും റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കാരണം ബോധിപ്പിക്കാന്‍ കമ്മീഷന്‍ ഉത്തരവിട്ടത്.
കമ്മീഷന്റെ കഴിഞ്ഞ സിറ്റിംഗില്‍ പീപ്പിള്‍സ് മൂവ്‌മെന്റ് ഫോര്‍ സിവില്‍ റൈറ്റ്‌സ് പ്രസിഡന്റ് അഡ്വ. മാത്യു പോളിന്റെ ഹരജിയില്‍ പൈലറ്റിനും എയര്‍ ഇന്ത്യ എക്‌സ്പ്രസ് ചെയര്‍മാനും നോട്ടീസ് അയച്ചിരുന്നുവെങ്കിലും ഇതുവരെ മറുപടി നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് രജിസ്‌ട്രേഡ് തപാലില്‍ സമന്‍സ് അയക്കാന്‍ കമ്മീഷന്‍ ഇന്നലെ നടത്തിയ സിറ്റിംഗില്‍ ഉത്തരവായത്. സമന്‍സ് കൈപ്പറ്റി ഹാജരാകാതിരുന്നാല്‍ കമ്മീഷന് വാറണ്ട് പുറപ്പെടുവിക്കാന്‍ കഴിയും. എല്ലാ യാത്രക്കാര്‍ക്കും അഞ്ച് ലക്ഷം രൂപയും ക്രിമിനല്‍ കേസില്‍ പെട്ട യാത്രക്കാര്‍ക്ക് 10 ലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കണമെന്നും പൈലറ്റിനെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.