Connect with us

National

പീഡനം: ആസാറാം ബാപ്പുവിന് അറസ്റ്റ് വാറണ്ട്‌

Published

|

Last Updated

ന്യൂഡല്‍ഹി: പതിനാറുകാരിയയെ ലൈംഗികമായി പീഡിപ്പിച്ചതിന് സ്വയം പ്രഖ്യാപിത ആള്‍ദൈവം ആസാറാം ബാപ്പുവിനെതിരെ അറസ്റ്റ് വാറണ്ട്. ജോധ്പൂരില്‍ ബാപ്പുവിന്റെ ട്രസ്റ്റ് നടത്തുന്ന ഹോസ്റ്റലിലെ അന്തേവാസിയാണ് ഇരയെന്ന് ഡല്‍ഹി പോലീസ് പറഞ്ഞു.
മധ്യ ഡല്‍ഹിയിലെ കമലാ മാര്‍ക്കറ്റ് പോലീസ് സ്റ്റേഷനിലാണ് പെണ്‍കുട്ടി എഴുതിത്തയ്യാറാക്കിയ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തുവെന്നും സംഭവം നടന്നത് രാജസ്ഥാനിലായതിനാല്‍ കേസ് അവിടേക്ക് മാറ്റുകയാണെന്നും ഡല്‍ഹി പോലീസ് അറിയിച്ചു. കേസില്‍ പോലീസ് എഫ് ഐ ആര്‍ തയ്യാറാക്കിയതിനാല്‍ ഇതേ പരാതിയില്‍ കേസ് എവിടേക്കും മാറ്റാനാകും.
മാസങ്ങള്‍ക്ക് മുമ്പ് ഡല്‍ഹി കൂട്ടബലാത്സംഗവുമായി ബന്ധപ്പെട്ട് ആസാറാം ബാപ്പു നടത്തിയ പ്രസ്താവന വിവാദമായിരുന്നു. 23കാരിയായ പെണ്‍കുട്ടിയാണ് ഡല്‍ഹി പീഡനത്തിന് ഉത്തരവാദിയെന്നായിരുന്നു ബാപ്പുവിന്റെ പ്രതികരണം. ബലാത്സംഗം ചെയ്യുന്ന സമയത്ത് സഹോദരായെന്ന് വിളിച്ച് പെണ്‍കുട്ടി അപേക്ഷിച്ചിരുന്നെങ്കില്‍ അക്രമികള്‍ പിന്‍വാങ്ങുമെന്നായിരുന്നു ബാപ്പുവിന്റെ പ്രസ്താവന. ഈ പ്രസ്താവന കേസായ പശ്ചാത്തലത്തില്‍ കോടതിയില്‍ ഹാജരാകുന്നതിന് ബാപ്പുവിനെ മുസാഫര്‍പൂര്‍ കോടതി തിങ്കളാഴ്ച ഒഴിവാക്കിയിരുന്നു. ബാപ്പു പീഡിപ്പിച്ചെന്നാരോപിച്ച് ചൊവ്വാഴ്ചയാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്. അഹമ്മദാബാദിലെ ബാപ്പുവിന്റെ ആശ്രമത്തില്‍ കഴിഞ്ഞിരുന്ന സഹോദരങ്ങള്‍ മരിച്ചതുമായി ബന്ധപ്പെട്ട് ബാപ്പുവും മകനും അന്വേഷണം നേരിടുന്നുണ്ട്.
കഴിഞ്ഞ മാസം 31 ന് ജസ്റ്റിസ് ഡി കെ ത്രിവേദിയുടെ നേതൃത്വത്തില്‍ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവായിരുന്നു. 2008 ജൂലൈ അഞ്ചിനാണ് ആശ്രമം അന്തേവാസികളായ ദീപേഷ് വഗേല (പത്ത്), അഭിഷേക് വഗേല (11) എന്നിവരുടെ അഴുകിയ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആശ്രമത്തിന് പിന്നില്‍ സബര്‍മതി പുഴയുടെ തീരത്താണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഗുജറാത്തിലും മധ്യപ്രദേശിലും അനധികൃത ഭൂമി ഇടപാട് കേസിലും ബാപ്പു പ്രതിയാണ്.