വധശിക്ഷക്ക് സ്റ്റേ: മുനി ഷെട്ടിയും രംഗ ഷെട്ടിയും പ്രതീക്ഷയില്‍

Posted on: August 21, 2013 11:20 pm | Last updated: August 21, 2013 at 11:20 pm
SHARE

supreme courtബെല്‍ഗാം: ദയാഹരജി രാഷ്ട്രപതി നിരാകരിച്ച ശേഷം ഷിവുമുനി ഷെട്ടിയും ജദെസ്വാമി രംഗ ഷെട്ടിയും സമര്‍പ്പിച്ച ഹരജിയില്‍ സുപ്രീം കോടതി വധശിക്ഷ സ്റ്റേ ചെയ്തത് ഇവരുടെ കുടുംബാംഗങ്ങളില്‍ പ്രതീക്ഷയേറ്റുന്നു. വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള റിവ്യൂ ഹരജിയില്‍ അനുകൂല വിധിയുണ്ടാകുമെന്ന ബന്ധുക്കളുടെ പ്രതീക്ഷ വര്‍ധിച്ചിരിക്കുകയാണ്.
കര്‍ണാടകയിലെ ചാമരാജനഗര്‍ ജില്ലയിലെ കൊല്ലെഗല്‍ താലൂക്കിലെ ഭദ്രയ്യാന ഹള്ളി ഗ്രാമക്കാരായ ശിവുമുനി ഷെട്ടിയേയും ജദെസ്വാമി രംഷെട്ടിയേയും കള്ളക്കേസില്‍ കുടുക്കിയതാണെന്നാണ് ബന്ധുക്കളുടെ അവകാശവാദം. 2001ല്‍ പതിനെട്ടുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു എന്നാണ് കേസ്. പ്രതികള്‍ക്ക് നല്‍കിയ വധശിക്ഷ 2005ല്‍ കര്‍ണാടക ഹൈക്കോടതിയും 2007ല്‍ സുപ്രീം കോടതിയും ശരിവെച്ചിരുന്നു. ഇവര്‍ സമര്‍പ്പിച്ച ദയാഹരജി ഈയടുത്ത് രാഷ്ട്രപതി തള്ളിയിരുന്നു.
മാതാവ് ചെല്ലമ്മ, സഹോദരിമാരായ ശാന്തമ്മ, പച്ചമ്മ, സരസ്വതി എന്നിവര്‍ മറ്റു ബന്ധുക്കള്‍ക്കൊപ്പം ഹിന്‍ഡലഗയിലെ സെന്‍ട്രല്‍ ജയിലില്‍ ചെന്ന് ഷിവുവിനെ കണ്ടിരുന്നു. പോലീസും മരിച്ച പെണ്‍കുട്ടിയുടെ ബന്ധുക്കളും ചേര്‍ന്ന് സഹോദരനെതിരെ കള്ളക്കേസെടുക്കുകയായിരുന്നുവെന്ന് ശാന്തമ്മ പറഞ്ഞു. ജദെസ്വാമിയുടെ ഭാര്യ ശിവശങ്കരമ്മയും ഇതേ ആരോപണം ഉന്നയിച്ചു. വീട്ടില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് പോലീസ് തന്റെ ഭര്‍ത്താവിനെ പിടിച്ചുകൊണ്ടുപോയതെന്നും അവര്‍ പറഞ്ഞു. സുപ്രീം കോടതി റിവ്യൂ ഹരജി പരിഗണിക്കുമ്പോള്‍ തങ്ങളോട് നീതി കാണിക്കുമെന്ന് ഇവര്‍ പ്രതീക്ഷിക്കുന്നു.