Connect with us

National

മന്‍മോഹന്‍- ഒബാമ കൂടിക്കാഴ്ച അടുത്ത മാസം

Published

|

Last Updated

ന്യൂഡല്‍ഹി: പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് യു എസ് പ്രസിഡന്റ് ബറാക് ഒബാമയുമായി അടുത്ത മാസം 27 ന് വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളുമായുള്ള നയതന്ത്ര, ഉഭയകക്ഷി ബന്ധം, പ്രതിരോധ സഹകരണം എന്നിവയാണ് കൂടിക്കാഴ്ചയില്‍ വിഷയമാകുകയെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘിക്കുകയും കാശ്മീര്‍ മേഖലയില്‍ വീണ്ടും സംഘര്‍ഷം ഉടലെടുക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇന്ത്യയും അമേരിക്കയും ചര്‍ച്ച നടത്തുന്നതെന്നത് പ്രാധാന്യമര്‍ഹിക്കുന്നു.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ മുന്നോടിയായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍ ഇന്നലെ യു എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സൂസന്‍ റൈസുമായും യു എസ് പ്രതിരോധ സെക്രട്ടറി ചക്ക് ഹെഗലുമായും ചര്‍ച്ച നടത്തിയിരുന്നു.
2009ല്‍ പ്രധാനമന്ത്രി വാഷിംഗ്ടണ്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇത്തവണത്തെ സന്ദര്‍ശനം. 2010 ല്‍ ഒബാമ ഇന്ത്യയും സന്ദര്‍ശിച്ചിരുന്നു. ഏഷ്യയില്‍ സുരക്ഷയും സ്ഥിരതയും ഉറപ്പ് വരുത്തുന്നതില്‍ ഇന്ത്യക്ക് വലിയ പങ്കുണ്ടെന്നാണ് യു എസ് വിലയിരുത്തുന്നത്. വ്യാപാരം, നിക്ഷേപം, വികസനം തുടങ്ങിയ മേഖലകളിലെ സഹകരണവും ഇന്ത്യയില്‍ നിന്ന് യു എസ് പ്രതീക്ഷിക്കുന്നുണ്ട്. ഈ മേഖലകളിലൂന്നി ചര്‍ച്ച നടക്കുമെന്ന് ദേശീയ സുരക്ഷാ വക്താവ് കാറ്റ്‌ലിന്‍ ഹൈഡന്‍ പറഞ്ഞു.
പ്രധാനമന്ത്രിയുടെത് ഹ്രസ്വ അമേരിക്കന്‍ സന്ദര്‍ശനമായിരിക്കുമെന്ന് ശിവശങ്കര്‍ മേനോന്‍ പറഞ്ഞു. ഒബാമയുടെ വിരുന്നു സത്കാരത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും. മന്‍മോഹനുമായുള്ള കൂടിക്കാഴ്ചയെ ഒബാമ പ്രാധാന്യത്തോടെയാണ് കാണുന്നതെന്ന് റൈസ് മാധ്യമങ്ങളോട് പറഞ്ഞു.

Latest