Connect with us

National

വി എച്ച് പിയുടെ അനധികൃത പദയാത്ര: അയോധ്യയില്‍ കനത്ത സുരക്ഷ

Published

|

Last Updated

ലക്‌നോ: അയോധ്യയില്‍ പദയാത്ര നടത്താന്‍ സംസ്ഥാന സര്‍ക്കാറിന്റെ അനുമതിയില്ലെങ്കിലും എന്തുവില കൊടുത്തും യാത്ര നടത്തുമെന്ന് വി എച്ച് പി വ്യക്തമാക്കിയതോടെ, ഉത്തര്‍ പ്രദേശില്‍ സുരക്ഷ ശക്തമാക്കി. അയോധ്യയില്‍ 84 കിലോമീറ്റര്‍ ദൂരം യാത്ര നടത്തുമെന്നാണ് വി എച്ച് പി പ്രഖ്യാപിച്ചത്. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി അയോധ്യയുടെ ആറ് അയല്‍ ജില്ലാ അതിര്‍ത്തികള്‍ അടച്ചു. ഫൈസാബാദ്, ഗോണ്ട, ബസ്തി, അംബേദ്കര്‍നഗര്‍, ബഹറൈഖ്, ബാരാബങ്കി ജില്ലകളുടെ അതിര്‍ത്തിയാണ് അടച്ചത്.
വി എച്ച് പിയുടെ നേതൃത്വത്തില്‍ സന്യാസിമാരാണ് പദയാത്ര നടത്തുന്നത്. “84 കോസി പരികര്‍മ” എന്നാണ് പരിപാടിയുടെ പേര്. ഒരു കാരണവശാലും യാത്ര അനുവദിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതിന് പുറമെ റൂട്ടുകളെല്ലാം തടയുകയാണ് ലക്ഷ്യമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. ദ്രുത കര്‍മ സേനയുടെ പത്ത് കമ്പനികളെയും സംസ്ഥാന സായുധ പോലീസ് സംഘത്തെയും വിന്യസിക്കും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് അയോധ്യയിലേക്ക് വരുന്ന സന്യാസിമാരെയും തീര്‍ഥാടകരെയും തടയാന്‍ നിര്‍ദേശം നല്‍കിയതായി ഐ ജി (ക്രമസമാധാനം) രാജ്കുമാര്‍ വിശ്വകര്‍മ അറിയിച്ചു. വി എച്ച് പിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ ഉദ്ദേശിച്ചെത്തുന്ന സന്യാസിമാരെ വിമാനത്താവളം, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളില്‍ തടയും.
അടുത്ത ഞായറാഴ്ച മുതല്‍ അടുത്ത മാസം 13 വരെ യാത്ര നടത്താനാണ് വി എച്ച് പിയുടെ പദ്ധതി. യാത്രയില്‍ നിന്ന് പിന്നോട്ട് പോകുന്ന പ്രശ്‌നമില്ലെന്ന് സന്യാസിമാര്‍ പറഞ്ഞു. സമാജ്‌വാദി പാര്‍ട്ടിയിലെ മുസ്‌ലിം നേതാക്കളുടെ സമ്മര്‍ദത്തിന് കീഴ്‌പ്പെടുകയാണ് മുഖ്യമന്ത്രി അഖിലേഷ് യാദവെന്ന് സ്വാമി ചിന്മയാനന്ദ ആരോപിച്ചു. നേരത്തെ പ്രഖ്യാപിച്ചതു പോലെ ഫൈസാബാദ്, ഗോണ്ട, ബസ്തി, അംബേദ്കര്‍നഗര്‍, ബഹറൈഖ്, ബാരാബങ്കി ജില്ലകളിലെ 40 കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുമെന്ന് ചിന്മയാനന്ദ പറഞ്ഞു. അതേസമയം, സാമുദായികമൈത്രി കാത്തുസംരക്ഷിക്കാനാണ് യാത്രക്ക് അനുമതി നല്‍കാതിരുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ശിവപാല്‍ യാദവ് ചൂണ്ടിക്കാട്ടി.
അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഉത്തര്‍പ്രദേശില്‍ രാമക്ഷേത്ര വികാരം ഊര്‍ജിതമാക്കാനാണ് സംഘ്പരിവാര്‍ ശ്രമം. അയോധ്യയിലെ വിവാദസ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ബി ജെ പിയുടെ അനുവാദത്തോടെയാണ് വി എച്ച് പി യാത്ര നടത്താനിരുന്നത്. രാമക്ഷേത്ര നിര്‍മാണമുള്‍പ്പെടെയുള്ള ആയുധങ്ങള്‍ വീണ്ടും പൊടിതട്ടിയെടുക്കുന്നതിലൂടെ സംസ്ഥാനത്തെ ഹിന്ദു വോട്ട് ബേങ്ക് സുരക്ഷിതമാക്കുകയാണ് സംഘ്പരിവാര്‍ ശക്തികളുടെ ശ്രമം.
ഉത്തര്‍ പ്രദേശ് ബി ജെ പിയുടെ ചുമതലയുള്ള ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ വലംകൈ അമിത് ഷാ, രാമക്ഷേത്ര വിഷയം പ്രധാന പ്രചാരണ ആയുധമാക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമാണ് ബി ജെ പിയുടെ ആശീര്‍വാദത്തോടെയുള്ള വി എച്ച് പി യാത്ര. യാത്രക്ക് അനുമതി നല്‍കുന്നത് സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്.

---- facebook comment plugin here -----

Latest