Connect with us

National

കിശ്ത്വാറില്‍ 13 ദിവസത്തിന് ശേഷം കര്‍ഫ്യൂ പിന്‍വലിച്ചു

Published

|

Last Updated

ജമ്മു: വര്‍ഗീയ സംഘര്‍ഷത്തെ തുടര്‍ന്ന് ജമ്മു കാശ്മീരിലെ കിശ്ത്വാറില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ 13 ദിവസത്തിന് ശേഷം പിന്‍വലിച്ചു. കിശ്ത്വാറില്‍ സ്ഥിതി സാധാരണനിലയിലേക്ക് തിരിച്ചുവന്നതിനെ തുടര്‍ന്നാണ് കര്‍ഫ്യൂ പിന്‍വലിച്ചത്.
സ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ഉച്ചക്ക് മുതല്‍ കര്‍ഫ്യൂ പിന്‍വലിക്കുകയാണെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ബശീര്‍ ഖാന്‍ അറിയിച്ചു. ജില്ലയില്‍ എവിടെയും അസ്വാഭാവിക സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സര്‍വകക്ഷി പ്രതിനിധികള്‍ തിങ്കളാഴ്ച മുതല്‍ ഇരു സമുദായ നേതാക്കളുമായി ചര്‍ച്ച നടത്തുകയായിരുന്നു. ഇതിനെ തുടര്‍ന്ന് സമുദായ മൈത്രി അടയാളപ്പെടുത്തി ഇരു സമുദായവും നഗരത്തില്‍ സമാധാന റാലി നടത്തി. ഇരുസമുദായത്തിന്റെയും ഇടയിലുണ്ടായിരുന്ന തര്‍ക്കം പരിഹരിച്ചതായി നേതാക്കള്‍ അറിയിച്ചു.
വര്‍ഗീയ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ മരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഒമ്പതാം തീയതി മുതലാണ് കിശ്ത്വാറില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. സംഘര്‍ഷത്തില്‍ 20 പേര്‍ക്ക് പരുക്കേല്‍ക്കുകയും 35 വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു. അയല്‍ ജില്ലകളിലേക്ക് സംഘര്‍ഷം വ്യാപിക്കുകയും ചെയ്തു. അയല്‍ ജില്ലകളിലും ഏതാനും ദിവസങ്ങളിലേക്ക് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. ഇരുസമുദായ നേതാക്കളുമായും ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥരുമായും നിരവധി തവണയാണ് സര്‍വകക്ഷി പ്രതിനിധി സംഘം ചര്‍ച്ച നടത്തിയത്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കലാപബാധിത പ്രദേശങ്ങളും സംഘം സന്ദര്‍ശിച്ചിരുന്നു. ഉപമുഖ്യമന്ത്രി താരാ ചന്ദിന്റെ നേതൃത്വത്തിലുള്ള നാല് മന്ത്രിമാര്‍ സംഘത്തിലുണ്ടായിരുന്നു.