Connect with us

International

ഹുസ്‌നി മുബാറക്കിന് ജാമ്യം അനുവദിച്ചു

Published

|

Last Updated

കൈറോ: ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഈജിപ്ത് മുന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക്കിന് ജാമ്യം അനുവദിച്ചു. 2011ലെ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് പുറത്താകുകയും പിന്നീട് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്ത മുബാറക് ഇന്ന് ജയില്‍ മോചിതനായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഭരണത്തിലിരിക്കെ കോടിക്കണക്കിന് ഡോളറിന്റെ അഴിമതി നടത്തിയെന്ന കേസിലാണ് കോടതി ജാമ്യം അനുവദിച്ചത്.
ജനകീയ പ്രക്ഷോഭത്തിനിടെ നൂറു കണക്കിന് ജനങ്ങളെ കൊന്നൊടുക്കിയ കേസടക്കം ഗുരുതരമായ നിരവധി കേസുകള്‍ 85കാരനായ മുബാറക്കിനെതിരെ നിലവിലുണ്ട്. എന്നാല്‍ ഈ കേസിലെ ശിക്ഷ അവസാനിച്ചിട്ടുണ്ടെന്ന് കോടതി വക്താക്കള്‍ അറിയിച്ചു. വിചാരണ തടവുകാരനായത് മുതലുള്ള തടവ് പരിഗണിച്ചാണിതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. മുബാറക് ആവശ്യപ്പെട്ട പ്രകാരം നടന്ന പുനര്‍വിചാരണയിലാണ് രാജ്യത്തെ നടുക്കിയ വിധി കോടതി പുറപ്പെടുവിച്ചത്. അഴിമതി കേസുകളില്‍ മുബാറക്കിന് ജാമ്യം അനുവദിച്ചിട്ടുണ്ടെന്നും ജയില്‍മോചനം ഇന്നുണ്ടാകുമെന്നും മുബാറക്കിന്റെ അഭിഭാഷകന്‍ ഫരീദ് അദ്ദീബ് വ്യക്തമാക്കി.
മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിക്ക് അധികാരം തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് ബ്രദര്‍ഹുഡിന്റെ നേതൃത്വത്തില്‍ രാജ്യവ്യാപകമായ പ്രക്ഷോഭം നടക്കുന്നതിനിടെയാണ് ഏറെ പ്രതിഷേധങ്ങള്‍ക്കിടയായേക്കാവുന്ന കോടതി വിധിയെന്നതും ശ്രദ്ധേയമാണ്. ഹുസ്‌നി മുബാറക്കിന് ശേഷം അധികാരത്തിലേറിയ ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് മുര്‍സി, ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് പുറത്താക്കപ്പെട്ടത്. സൈനിക തടവറയിലും പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയിലാകുകയും ചെയ്ത മുര്‍സിക്കുമേലുള്ള കോടതി നടപടികള്‍ വേഗത്തിലാക്കുന്നതിനിടെയിലാണ് മുബാറക്കിന്റെ ജയില്‍ മോചനം. മുബാറക്കിന് മേല്‍ ചുമത്തിയത് പോലുള്ള ഗുരുതരമായ കുറ്റങ്ങളാണ് മുര്‍സിക്ക് മേല്‍ ചുമത്തിയത്. മുര്‍സിക്ക് ജീവപര്യന്തം തടവിനുള്ള കോടതി നടപടികള്‍ നടക്കുന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഹുസ്‌നി മുബാറക്കിന് ജാമ്യം അനുവദിച്ച കോടതി വിധിയെ ബ്രദര്‍ഹുഡ് നേതൃത്വം ശക്തമായി എതിര്‍ത്തു. ബ്രദര്‍ഹുഡ് നേതാക്കളെ വ്യാപകമായി അറസ്റ്റ് ചെയ്യുന്നതിനിടെ, ഹുസ്‌നി മുബാറക്കിന് അനുകൂലമായ കോടതി വിധി പുറപ്പെടുവിച്ചത് ബ്രദര്‍ഹുഡ് നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. ബ്രദര്‍ഹുഡിന്റെ മേധാവിയായ മുഹമ്മദ് ബദീഇനെ കഴിഞ്ഞ ദിവസം ജയിലിലടച്ചിരുന്നു. ഹുസ്‌നി മുബാറക്കിന് ജാമ്യം അനുവദിച്ച കോടതി വിധിയെ കുറിച്ച് ഇടക്കാല സര്‍ക്കാര്‍ വക്താക്കള്‍ പ്രതികരിച്ചിട്ടില്ല.
മുബാറക്ക് ജയില്‍മോചിതനായാല്‍ രാജ്യം ആഭ്യന്തര കലാപത്തിലേക്ക് നീങ്ങുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. 85കാരനായ മുബാറക്കും അദ്ദേഹത്തിന്റെ മക്കളായ ജമാല്‍ മുബാറക്ക്, അഅ്‌ലാ മുബാറക്ക് എന്നിവരും ഉടന്‍ ജയില്‍ മോചിതരാകുമെന്നാണ് റിപ്പോര്‍ട്ട്.

Latest