ഗള്‍ഫിലെ ജ്വല്ലറികള്‍ ആശങ്കയുടെ നിഴലില്‍

Posted on: August 21, 2013 7:12 pm | Last updated: August 21, 2013 at 7:29 pm
SHARE

jewelleryദുബൈ: ഗള്‍ഫിലെ ജ്വല്ലറി വ്യാപാര മേഖല ആശങ്കയുടെ നിഴലില്‍. ഗള്‍ഫ് കറന്‍സി വില വര്‍ധനവും ഇന്ത്യയില്‍ സ്വര്‍ണത്തിന് ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതും വ്യാപാരത്തെ പിന്നോട്ടടിപ്പിച്ചിട്ടുണ്ട്. ഇന്ത്യക്കാരാണ് ഗള്‍ഫില്‍ ചില്ലറ വ്യാപാര മേഖലയെ ശക്തിപ്പെടുത്തുന്നത് എന്നിരിക്കെ, പുതിയ സംഭവ വികാസങ്ങള്‍ വില്‍പ്പനക്കാരെയും വാങ്ങുന്നവരെയും അനിശ്ചിതത്വത്തിലേക്ക് തള്ളിയിടുകയാണ്.
ഗള്‍ഫിലെ ജ്വല്ലറികളില്‍ നിന്ന് ആഭരണങ്ങളും സ്വര്‍ണ നാണയങ്ങളും വാങ്ങുന്നവരുടെ എണ്ണം കുറയുകയാണെന്ന് ജ്വല്ലറി വൃത്തങ്ങള്‍ പറഞ്ഞു. ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് സ്വര്‍ണം കൊണ്ടുപോകുന്നത് ലാഭകരമല്ല. രൂപയുടെ മൂല്യം കുറഞ്ഞതിനാല്‍ ഡ്രാഫ്റ്റ് അയച്ച്, നാട്ടില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നതായിരിക്കും ലാഭകരം. പത്തു പവന്‍ വാങ്ങുമ്പോള്‍ 25,000 രൂപയോളം ലാഭം ഉറപ്പാണ്.
സ്വര്‍ണത്തിന്റെ ഗുണമേന്മയില്‍ ഇപ്പോള്‍ വ്യത്യാസമില്ല. പണ്ട്, ശുദ്ധമായ സ്വര്‍ണം ഗള്‍ഫില്‍ മാത്രമേ ലഭിക്കൂ എന്ന ധാരണയുണ്ടായിരുന്നു. അത് മാറിയിട്ടുണ്ട്. നാട്ടിലും ഗള്‍ഫിലും ഒരേ രൂപകല്‍പനയും ലഭ്യമാണ്.
രാജ്യാന്തര വിപണിയിലും സ്വര്‍ണത്തിന് വില വര്‍ധിച്ചിട്ടുണ്ട്. നാട്ടില്‍ വര്‍ധിച്ചതിനെക്കാള്‍ കൂടുതലാണത്. നാട്ടില്‍ പവന് 320 രൂപയാണ് കൂടിയത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ 420 രൂപയുടെ വര്‍ധനവാണ് രാജ്യാന്തര വിപണിയില്‍ സംഭവിച്ചത്.
നാട്ടില്‍ കസ്റ്റംസ് തീരുവ വര്‍ധിപ്പിച്ചതും ഗള്‍ഫിലെ ഇന്ത്യന്‍ ഉപഭോക്താക്കളെ ഭയപ്പെടുത്തുന്നു. നാട്ടില്‍ വിമാനമിറങ്ങുമ്പോള്‍ കസ്റ്റംസിന്റെ പിടിച്ചുപറി നേരിടേണ്ടിവരുമെന്നാണ് ഭയം.