Connect with us

Gulf

വടക്കന്‍ മേഖലയുടെ മുഖം മാറുന്നു

Published

|

Last Updated

ഷാര്‍ജ: 1,600 കോടി ദിര്‍ഹത്തിന്റെ, ഫെഡറല്‍ സര്‍ക്കാര്‍ സാമ്പത്തിക പാക്കേജില്‍ വടക്കന്‍ മേഖലയുടെ മുഖം മാറുന്നു. രണ്ട് വന്‍കിട ആശുപത്രികളും 24 തുറമുഖങ്ങളും മൂന്നു മുഖ്യ ഹൈവേ പദ്ധതികളും ഉള്‍പ്പെടുന്നതാണ് മേഖലയുടെ മുഖം പാടേ മാറ്റി തീര്‍ക്കുന്ന പദ്ധതികള്‍. 2,000 വീടുകളുടെ നിര്‍മാണ പദ്ധതിയും ഇതില്‍ ഉള്‍പ്പെടും.
2021 ആവുമ്പോഴേക്കും പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതികള്‍ വിവിധ ഭാഗങ്ങളില്‍ ദൃതഗതിയില്‍ പുരോഗമിക്കുന്നത്. എന്നാല്‍ ഇവയില്‍ ഉള്‍പ്പെട്ട തുറമുഖങ്ങളുടെയും ഒപ്പം ഒരു ആശുപത്രിയുടെയും പണികള്‍ പൂര്‍ത്തിയായതായി പൊതുമരാമത്ത് മന്ത്രി ഡോ. അബ്ദുല്ല ബെല്‍ഹൈഫ് അല്‍ നുഐമി വെളിപ്പെടുത്തി. തുകയില്‍ 700 കോടിയും നടന്നുകൊണ്ടിരിക്കുന്ന വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു.
ഇന്ന് 24 തുറമുഖങ്ങളുടെയും റാസല്‍ഖൈമയിലെ ശൈഖ് ഖലിഫ മെഡിക്കല്‍കോളജിന്റെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിരിക്കയാണെന്നും അദ്ദേഹം വിശദീകരിച്ചു.
സ്വദേശികള്‍ക്കുള്ള 2,000 വീടുകളുടെയും വിവിധ ഹൈവേകളുടെയും പണികളാണ് ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ഹൈവേയുമായി ബന്ധപ്പെട്ട് ഇന്റര്‍സെക്ഷനുകള്‍, ടണലുകള്‍ എന്നിവയും പൂര്‍ത്തിയാവാനുണ്ട്. രാജ്യത്തിന്റെ തെക്കും വടക്കും ഭാഗങ്ങളെ ഞങ്ങള്‍ റോഡ് മാര്‍ഗം കൂട്ടിച്ചേര്‍ത്തു.
ഇന്ന് റാസല്‍ഖൈമയെയും തലസ്ഥാനമായ അബുദാബിയെയും ബന്ധിപ്പിച്ച് മൂന്നു ഹൈവേകളാണ് യാഥാര്‍ഥ്യമായിരിക്കുന്നത്. അഞ്ചു വര്‍ഷം മുമ്പ് ഒരെണ്ണം മാത്രമായിരുന്നുവെന്ന് ഓര്‍ക്കുക. രാജ്യത്തിന്റെ വടക്കന്‍ മേഖലയിലെ പല ഭാഗങ്ങളിലും നാളിതുവരെയായി വികസനം എത്താത്ത സാഹചര്യത്തിലാണ് ഫെഡറല്‍ സര്‍ക്കാര്‍ മേഖലയില്‍ വികസനം സാധ്യമാക്കാന്‍ ലക്ഷ്യമിട്ട് പദ്ധതി പ്രഖ്യാപിച്ചതും യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തികള്‍ നടത്തുന്നതും. ഷാര്‍ജ, റാസല്‍ഖൈമ, ഫുജൈറ, ഉമ്മുല്‍ഖുവൈന്‍, അജ്മാന്‍ എന്നീ അഞ്ചു എമിറേറ്റുകളിലായാണ് പദ്ധതികള്‍ പുരോഗമിക്കുന്നത്.
2005ലാണ് രാജ്യത്തിന്റെ ഇതരഭാഗത്തിനൊപ്പം മേഖലയെയും എത്തിക്കുകയെന്ന മഹത്തായ ലക്ഷ്യത്തിനായി യു എ ഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ 1,600 കോടി ദിര്‍ഹം പദ്ധതിക്കായി നീക്കിവെച്ചത്. അടിസ്ഥാന സൗകര്യം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വന്‍ കുതിച്ചുചാട്ടത്തിനാവും പദ്ധതി യാഥാര്‍ഥ്യമാവുന്നതോടെ മേഖല സാക്ഷ്യം വഹിക്കുക. പൊതുമരാമത്ത് മന്ത്രാലയത്തിന്റെ കീഴിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്.
പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രാലയം നേരിട്ടാണ് പ്രവര്‍ത്തികളുടെ പുരോഗതി വിലയിരുത്തുന്നതും ആവശ്യമായ നിര്‍ദേശങ്ങളും ഉപദേശങ്ങളും നല്‍കുന്നതുമെന്നതിനാല്‍ പദ്ധതി പ്രതീക്ഷിക്കുന്നതിലും ഏതാനും മാസം നേരത്തെ പൂര്‍ത്തിയാവുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.
ഇതൊരു സംരംഭമാണ് ഒരിക്കലും ഒരു സംഭാവനയായി കാണരുതെന്ന് മൂന്നു വര്‍ഷം മുമ്പ് ഇതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മന്ത്രി ഡോ. അബ്ദുല്ല ബെല്‍ഹൈഫ് അല്‍ നുഐമി നടത്തിയ പ്രസ്താവന ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. വടക്കന്‍ മേഖലയില്‍ നിരവധി പദ്ധതികള്‍ വരുന്നതിന് നാം സാക്ഷികളായിരിക്കുന്നുവെങ്കിലും ഈ പദ്ധതി സമഗ്രമായ വികസനം കൊണ്ടുവരാന്‍ ലക്ഷ്യമിട്ടുള്ളതാണ്. ഇതിന് ആവശ്യമായ തുകയും ബജറ്റില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അന്ന് പ്രസ്താവിച്ചിരുന്നു.
വികസന പദ്ധതികളില്‍ ഏറ്റവും പ്രധാനം ഫുജൈറദുബൈ ശൈഖ് ഖലീഫ ഹൈവേയാണ്. രാജ്യത്തിന്റെ അഭിമാനമായി മാറിയിരിക്കയാണ് ശൈഖ് ഖലീഫ ഹൈവേ. മുമ്പ് ഫുജൈറയില്‍ നിന്നും ദുബൈയില്‍ എത്തിച്ചേരാന്‍ ഒന്നര മണിക്കൂര്‍ വേണ്ടിയിരുന്നെങ്കില്‍ ഇന്നത് വെറും 50 മിനുട്ടായി ചുരുങ്ങിയെന്നത് സ്വപ്‌നം കാണാന്‍ പോലും സാധ്യമല്ലാത്ത നേട്ടമാണ്.
മൂന്ന് ഹൈവേകള്‍ കൂടി നിര്‍മിക്കുന്നതിന് പദ്ധതിയുണ്ട്. ഉമ്മുല്‍ഖുവൈനില്‍ ആരംഭിക്കുന്ന ശൈഖ് ഖലീഫ ജനറല്‍ ഹോസ്പിറ്റല്‍ ഒക്ടോബറില്‍ പൂര്‍ണ്ണ സജ്ജമാവും. ഞങ്ങളുടെ പ്രഥമ പരിഗണന ജനങ്ങളുടെ ആവശ്യങ്ങളാണ്. അതിനായാണ് ഞങ്ങള്‍ ശ്രദ്ധകൊടുക്കുന്നതും. ഇന്ന് ജനങ്ങളുടെ അടിസ്ഥാന ആവശ്യം വീടുകളാണ്. ഇതിനായാണ് 2,000 വീടുകള്‍ നിര്‍മിക്കുന്നത്.
ചില മേഖലയില്‍ നിലവിലെ വീടുകള്‍ക്ക് അറ്റകുറ്റപണി ആവശ്യമാണ്. വീടുകളുടെ നിര്‍മാണത്തിനും അറ്റകുറ്റ പണികള്‍ക്കുമായി വന്‍തുകയാണ് രാജ്യം ചെലവഴിച്ചുകൊണ്ടിരിക്കുന്നതെന്നും ഡോ. നുഐമി വ്യക്തമാക്കി.
വടക്കന്‍ എമിറേറ്റില്‍ 10,000 വീടുകളാണ് മൊത്തം ലക്ഷ്യമിടുന്നത്. ഇതില്‍ പുതിയവയും നിലവിലെ പുനരുദ്ധാരണവും ഉള്‍പ്പെടും. ആറു വര്‍ഷത്തിനകം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
കഴിഞ്ഞ അഞ്ചു വര്‍ഷമായി വടക്കന്‍ മേഖലയിലെ എമിറേറ്റുകളിലെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാണ് മന്ത്രാലയം മുന്തിയ പരിഗണന നല്‍കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.