ഗോതമ്പിനു പകരം പുതിയ ധാന്യം അടുത്ത വര്‍ഷം മുതല്‍

Posted on: August 21, 2013 7:03 pm | Last updated: August 21, 2013 at 7:03 pm
SHARE

kinwaദുബൈ: ഗോതമ്പിനു പകരം പുതിയ നാണ്യ വിളയായ ‘കിന്‍വാ’ അടുത്ത വര്‍ഷം മുതല്‍ രാജ്യത്ത് ഉത്പാദിപ്പിക്കാന്‍ തുടങ്ങുമെന്ന് പരിസ്ഥിതി-ജല മന്ത്രാലയം.
ഉയര്‍ന്ന ഉപ്പുരസമുള്ള ഭൂപ്രദേശങ്ങളില്‍ വിളയിക്കാവുന്ന ധാന്യമാണ് കിന്‍വാ. ആരോഗ്യത്തിന് ഗുണകരമായതും ഗോതമ്പിനു പകരം വെക്കാവുന്നതുമായ കിന്‍വാ ഉത്പാദനം ആരംഭിക്കുന്നതോടെ രാജ്യത്തെ കാര്‍ഷിക മേഖല വന്‍ കുതിച്ചുചാട്ടം നടത്തുമെന്ന് പരിസ്ഥിതി-ജല മന്ത്രി റാശിദ് അഹ്മദ് ബിന്‍ ഫഹദ് പറഞ്ഞു.
രാജ്യത്ത് കിന്‍വാ കൃഷി ചെയ്യാന്‍ പറ്റിയ നാല് സ്ഥലങ്ങള്‍ കണ്ടെത്തിയതായും മറ്റു ബന്ധപ്പെട്ട കേന്ദ്രങ്ങളുമായി സഹകരിച്ച് അടുത്ത വര്‍ഷം മുതല്‍ കൃഷിയിറക്കാന്‍ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. ഉപ്പുരസം കൂടുതലുള്ള ഭൂപ്രദേശത്തെ സാഹചര്യങ്ങളെ പ്രതിരോധിച്ച് വളരാനാവശ്യമായ വിത്തുകളും മറ്റു സാങ്കേതിക സാഹചര്യങ്ങളും ഈ വര്‍ഷം തന്നെ തയാര്‍ ചെയ്തു തുടങ്ങും. മറ്റു പല നാണ്യവിളകളെയും അപേക്ഷിച്ച് ജലാംശം കുറവ് മതി എന്നതും കിന്‍വാ ഉത്പാദിപ്പിക്കാന്‍ അനുകൂല ഘടകമായി മന്ത്രാലയം കാണുന്നു.
ലാറ്റിനമേരിക്കന്‍ രാജ്യമായ പെറുവില്‍ ഈ നാണ്യത്തിന്റെ കൃഷി കൂടുതലായി കണ്ടുവരുന്നുണ്ട്. 11 മുതല്‍ 18 ശതമാനം വരെ പ്രോട്ടീന്‍ അടങ്ങിയതാണ് കിന്‍വാ എന്നതിനാല്‍ ഗോതമ്പിനേക്കാള്‍ ആരോഗ്യത്തിന് ഗുണകരമാണ് ഇത് എന്ന് വിലയിരുത്തപ്പെടുന്നു.