Connect with us

Gulf

ദുബൈയില്‍ വാഹനാപകട മരണങ്ങള്‍ വര്‍ധിക്കുന്നു

Published

|

Last Updated

ദുബൈ: എമിറേറ്റില്‍ വാഹനാപകടമരണങ്ങള്‍ കൂടുന്നൂവെന്ന് ട്രാഫിക് പോലീസിന്റെ റിപ്പോര്‍ട്ട്. വിവിധ വാഹനാപകടങ്ങളിലായി ഈ വര്‍ഷം 101 മരണങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം ആകെ നടന്നത് 122 അപകടമരണങ്ങളാണ്.
എമിറേറ്റിലെ അപകടമരണങ്ങള്‍ സംബന്ധിച്ച് ട്രാഫിക് പോലീസ് ഡയരക്ടര്‍ മേജര്‍ മുഹമ്മദ് സെയ്ഫ് അല്‍ സഫീന്‍ ട്രാഫിക് ആക്‌സിഡന്റ്‌സ് വകുപ്പുമായി ചര്‍ച്ച നടത്തി. പതിവുപരിശോധനയ്‌ക്കെത്തിയ സെയ്ഫ് അല്‍ സഫീന് വകുപ്പ് മേധാവി മേജര്‍ അബ്ദുല്ല താനി ബിന്‍ ഗാലിബ് അപകടമരണങ്ങള്‍ സംബന്ധിച്ച കണക്കുകളും വിവരങ്ങളും വിശദീകരിച്ചു.
റമസാന്‍ മാസത്തിലെ അവസാന ആഴ്ചയില്‍ മാത്രം ഏഴു പേര്‍ ദുബൈയില്‍ അപകടത്തില്‍ മരിച്ചതായി കണക്കുകള്‍ പറയുന്നു. ഒരു യമനി കുടുംബത്തിലെ നാലു പേരും മരിച്ചവരില്‍ ഉള്‍പ്പെടും. മാത്രമല്ല, വാഹനമിടിച്ച് മരിച്ചവരുടെ എണ്ണത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ ഏഴു മാസത്തിനിടെ 27 പേരാണ് വാഹനം കയറി മരിച്ചത്. എന്നാല്‍ 2012ല്‍ ഇത്തരത്തിലുള്ള 24 മരണങ്ങളാണ് ആകെ റിപ്പോര്‍ട്ട് ചെയ്തത്.
നിയമം ലംഘിച്ച് റോഡ് മുറിച്ചുകടക്കുമ്പോഴാണ് വാഹനമിടിച്ചുള്ള അപകടങ്ങളുണ്ടാകുന്നത്. ഇത്രയധികം മേല്‍പ്പാലങ്ങള്‍ സ്ഥാപിക്കുകയും പിഴ ചുമത്തുന്നതടക്കമുള്ള നടപടികള്‍ കര്‍ശനമാക്കിയിട്ടും വാഹനംകയറിയുള്ള മരണങ്ങള്‍ സംഭവിക്കുന്നത് ദുഃഖകരമാണ്.
നിയമംലംഘിച്ച് റോഡ് മുറിച്ചുകടക്കുന്നവരില്‍ ഏറെയും തൊഴിലാളികളാണെന്നും ഇവര്‍ക്ക് മതിയായ ബോധവത്കരണം നല്‍കാന്‍ തൊഴിലുടമകള്‍ ശ്രദ്ധിക്കണമെന്നും ട്രാഫിക് പോലീസ് ഡയരക്ടര്‍ മേജര്‍ മുഹമ്മദ് സെയ്ഫ് അല്‍ സഫീന്‍ ഓര്‍മിപ്പിച്ചു.
സീബ്ര ക്രോസിംഗുകളിലൂടെയല്ലാതെ റോഡ് മുറിച്ചുകടന്ന കുറ്റത്തിന് ഈ വര്‍ഷം 33,000 പേര്‍ക്ക് പിഴ ചുമത്തിയതായും അദ്ദേഹം വ്യക്തമാക്കി.

Latest