ഗൂഗിളിന്റെ തെറ്റ് കണ്ടെത്തൂ പണം വാരൂ

Posted on: August 21, 2013 9:48 am | Last updated: August 21, 2013 at 9:48 am
SHARE

googleലോസ്ഏഞ്ചല്‍സ്: തങ്ങള്‍ക്ക് പറ്റുന്ന തെറ്റുകളും അബദ്ധങ്ങളും ചൂണ്ടിക്കാണിക്കുന്നവരോട് ആളുകള്‍ക്ക് പൊതുവെ ഇഷ്ടക്കുറവാണ് ഉണ്ടാവാറ്. എന്നാല്‍ ഇന്റര്‍നെറ്റ് ഭീമമാരായ ഗൂഗിള്‍ അങ്ങിനെയല്ല. തങ്ങളുടെ വെബ്‌സൈറ്റിലെ തെറ്റിനെയോ പിഴവിനെയോ പ്രവര്‍ത്തന പരാജയത്തെയോ (ബഗ്) കണ്ടെത്തി അറിയിക്കുന്നവര്‍ക്ക് പ്രതിഫലമായി അവര്‍ 5000 ഡോളര്‍ (ഏകദേശം മൂന്ന് ലക്ഷം രൂപ) നല്‍കും. ഗൂഗിളിലെ പ്രശ്‌നങ്ങള്‍ തുടര്‍ച്ചയായി കണ്ടെത്തി അധികൃതരെ അറിയിക്കുന്ന ഗവേഷകര്‍ക്കാണ് തുക പ്രതിഫലമായി നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളത്.

പ്രതിഫലം നേരത്തെയും നല്‍കിയിരുന്നെങ്കിലും ഇത്രയും വലിയ തുക പ്രഖ്യാപിക്കുന്നത് ഇത് ആദ്യമാണ്. നേരത്തെ നല്‍കിയിരുന്ന തുകയേക്കാളും അഞ്ചിരട്ടിയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഗൂഗിളിന്റെ വെബ് ബ്രൌസര്‍ ക്രോം, ഗൂഗിള്‍ വെബ് സര്‍വീസുകള്‍ എന്നിവയിലെ ബഗ്ഗുകള്‍ കണ്ടെത്തുന്നവര്‍ക്കാണ് പ്രതിഫലം ലഭിക്കുക.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഗൂഗിളിന് രണ്ടായിരത്തോളം ബഗ് റിപ്പോര്‍ട്ടുകളാണ് ലഭിച്ചത്. തെറ്റ് കണ്ടെത്തുന്നവര്‍ക്കെല്ലാം ഗൂഗിള്‍ പ്രതിഫലവും നല്‍കിയിട്ടുണ്ട്.