സോളാര്‍ തട്ടിപ്പ്: കേന്ദ്ര ബിന്ദു മുഖ്യമന്ത്രിയുടെ ഓഫീസാവണം എല്‍ ഡി എഫ്‌

Posted on: August 21, 2013 9:30 am | Last updated: August 22, 2013 at 12:56 am
SHARE

ldf

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസാകണം അന്വേഷണത്തിന്റെ കേന്ദ്രബിന്ദുവെന്ന് എല്‍ ഡി എഫ് ഉപസമിതി. ജുഡീഷ്യല്‍ അന്വേഷണത്തിനുള്ള പരിഗണനാ വിഷയങ്ങള്‍ സംബന്ധിച്ച് സര്‍ക്കാറിന് നല്‍കുന്ന കത്തില്‍ ഇടതുപക്ഷം മുന്നോട്ട് വെക്കുന്ന പ്രധാന നിര്‍ദേശം ഇതായിരിക്കും. മുഖ്യമന്ത്രിയുടെ ഓഫീസിന് തട്ടിപ്പില്‍ പങ്കുണ്ടെന്നതിന് തെളിവുകളുണ്ട്.

തട്ടിപ്പുപണം എവിടെയെന്ന് കണ്ടെത്തണം. ഭാവിയില്‍ ഇത്തരം തട്ടിപ്പുകളുണ്ടാവാതിരിക്കാന്‍ നിയമ നിര്‍മ്മാണെ വേണമെന്നും ഇടതുപക്ഷം ആവശ്യപ്പെടും.

എന്നാല്‍ മന്ത്രിമാര്‍ക്കെതിരായ ആരോപണങ്ങള്‍ എല്‍ ഡി എഫ് നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുത്തുന്നില്ലെന്നാണ് സൂചന. നിര്‍ദേശങ്ങളെക്കുറിച്ച് ധാരണയാകാന്‍ ചൊവ്വാഴ്ചയും എല്‍ ഡി എഫ് യോഗം ചേര്‍ന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് രാവിലെ ഒന്‍പതു മണിക്ക് വീണ്ടും യോഗം ചേര്‍ന്ന് അന്വേഷണ വിഷയങ്ങള്‍ അന്തിമമായി തീരുമാനിച്ചത്.

സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതോടെയാണ് എല്‍ ഡി എഫ് നടത്തിവന്ന സെക്രട്ടറിയേറ്റ് ഉപരോധം അവസാനിപ്പിച്ചത്. പരിഗണനാ വിഷയങ്ങള്‍ പ്രതിപക്ഷവുമായി ആലോചിച്ച് മാത്രമേ തീരുമാനിക്കൂവെന്നും മുഖ്യമന്ത്രി അന്ന് ഉറപ്പു നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷത്തിന്റെ അഭിപ്രായം തേടിയത്.