Connect with us

Kozhikode

രണ്ടര ലക്ഷം രൂപയുടെ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി പിടിയില്‍

Published

|

Last Updated

കോഴിക്കോട്: രണ്ടര ലക്ഷം രൂപ വില വരുന്ന ആറ് കിലോ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി പിടിയില്‍. തേനി സ്വദേശി മുരുകനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഞ്ചാവിനുള്ള ആവശ്യക്കാരെന്ന വ്യാജേന മുരുകനെ സൗത്ത് അസിസ്റ്റന്റ് കമ്മിഷണര്‍ കെ ആര്‍ പ്രേമചന്ദ്രന് കീഴിലുള്ള പോലീസ് സംഘം വേഷം മാറി സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ രാവിലെ മുരുകനെ സിറ്റി ക്രൈം സ്‌ക്വാഡ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
ചില്ലറ വില്‍പ്പനക്കാര്‍ക്കായി കേരള- തമിഴ്‌നാട് അതിര്‍ത്തി പ്രദേശങ്ങളില്‍ മുരുകന്‍ കഞ്ചാവ് എത്തിച്ച് നല്‍കി വരുകയായിരുന്നു. പ്രധാനമായും തേനി, കമ്പം തുടങ്ങിയ കാര്‍ഷിക ജില്ലകളില്‍ നിന്നാണ് കഞ്ചാവ് എത്തിച്ചിരുന്നത്. ജില്ലയില്‍ പന്നിയങ്കര, ഫറോക്ക്, രാമനാട്ടുകര തുടങ്ങിയ സ്ഥലങ്ങളിലെ ചില്ലറ വില്‍പ്പനക്കാരായിരുന്നു ഇയാളില്‍ നിന്ന് കഞ്ചാവ് വാങ്ങിയിരുന്നത്.
മൊബൈല്‍ ഫോണില്‍ വിശ്വാസയോഗ്യമായവര്‍ ആവശ്യപ്പെട്ടാല്‍ കഞ്ചാവ് എത്തിച്ച് നല്‍കുന്നതാണ് ഇയാളുടെ രീതി. ഇയാളില്‍ നിന്ന് വാങ്ങുന്ന കഞ്ചാവ് ചെറുകിട കച്ചവടക്കാര്‍ സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും അന്യസംസ്ഥാനക്കാര്‍ക്കുമിടയില്‍ വിതരണം ചെയ്യുന്നതായി സിറ്റി പോലീസ് കമ്മീഷണര്‍ ജി സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു. കോഴിക്കോട് ടൗണ്‍ സി ഐ. ടി കെ അശ്‌റഫ്, എസ് ഐ. പ്രിയന്‍ ബാബു, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഒ മോഹന്‍ദാസ്, ടി പി ബിജു, കെ ആര്‍ രാജേഷ്, എം വി അനീഷ്, കെ ഹാദില്‍ തുടങ്ങിയവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.