കെട്ടിട നിര്‍മാണ പ്രവൃത്തികള്‍ നിരീക്ഷിക്കാന്‍ വിദഗ്ധ സമിതി രൂപവത്കരിക്കും : ജില്ലാ കലക്ടര്‍

Posted on: August 21, 2013 7:49 am | Last updated: August 21, 2013 at 7:49 am
SHARE

കോഴിക്കോട്: ജില്ലയിലെ കെട്ടിടനിര്‍മാണ പ്രവൃത്തികള്‍ക്ക് ഉപയോഗിക്കുന്ന സാധന സാമഗ്രികളും നിര്‍മാണ രീതിയും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാനും മാര്‍ഗനിര്‍ദേശം നല്‍കാനുമായി വിദഗ്ധരടങ്ങിയ കമ്മിറ്റിക്ക് രൂപം നല്‍കുമെന്ന് ജില്ലാ കലക്ടര്‍ സി എ ലത അറിയിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിര്‍മാണത്തിലിരിക്കുന്ന 31 വീടുകള്‍ തകര്‍ന്ന സാഹചര്യത്തില്‍ വിളിച്ചുചേര്‍ത്ത ബന്ധപ്പെട്ടവരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
നിര്‍മാണത്തിനുപയോഗിക്കുന്ന ചെങ്കല്ലിന്റെ നീളക്കുറവും ഉയരക്കൂടുതലുമാണ് കെട്ടിടം തകരാന്‍ മുഖ്യകാരണമെന്നാണ് ചര്‍ച്ചയില്‍ പലരും അഭിപ്രായപ്പെട്ടത്. ഇതിന് പരിഹാരമായി കല്ലിന് 40 സെന്റിമീറ്റര്‍ നീളവും 20 സെന്റിമീറ്റര്‍ വീതിയും 15 സെന്റിമീറ്റര്‍ ഉയരവും നിഷ്‌കര്‍ഷിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. കെട്ടിട നിര്‍മാണ തൊഴിലാളികള്‍, കരാറുകാര്‍, ബില്‍ഡര്‍മാര്‍, എന്‍ജിനീയര്‍മാര്‍ എന്നിവര്‍ക്ക് പരിശീലനവും ബോധവത്കരണവും സംഘടിപ്പിക്കുമെന്നും പരിഹാര നിര്‍ദേശങ്ങള്‍ സര്‍ക്കാറിനെ അറിയിക്കുമെന്നും കലക്ടര്‍ പറഞ്ഞു. കോഴിക്കോട് താലൂക്കില്‍ 15 ഉം കൊയിലാണ്ടിയില്‍ 10 ഉം വടകരയില്‍ ആറും വീടുകളാണ് തകര്‍ന്നത്. ഇവര്‍ക്ക് നഷ്ടപരിഹാരമായി 1,60,60,000 രൂപ നല്‍കിയതായും കലക്ടര്‍ അറിയിച്ചു.
നിര്‍മാണത്തിനുപയോഗിക്കുന്ന പൂഴി 80 ശതമാനവും വ്യാജമാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത എന്‍ജിനീയര്‍മാരും കരാറുകാരും ചൂണ്ടിക്കാട്ടി. കരിങ്കല്‍ ഉപയോഗിച്ച് കെട്ടുന്ന തറ മണ്ണിലോ സിമന്റിലോ പടവ് ചെയ്യണമെന്നുണ്ടെങ്കിലും പലരും ഇവ രണ്ടുമുപയോഗിക്കാതെയാണ് പടവു ചെയ്യുന്നത്. മുകളില്‍ ഭാരം വരുമ്പോള്‍ കെട്ടിടം താഴുന്നതിന് ഒരു കാരണം ഇതാണ്. ഒരു ദിവസം ഒന്നര മീറ്ററിലധികം ഉയരത്തില്‍ പടവ് പാടില്ലെങ്കിലും പലപ്പോഴും ഇത് ലംഘിക്കപ്പെടുന്നു. കോണ്‍ക്രീറ്റിന് ശേഷം ചുരുങ്ങിയത് 14 ദിവസമെങ്കിലും കഴിഞ്ഞു മാത്രമേ താങ്ങുതൂണുകള്‍ എടുക്കാവൂ. എന്നാല്‍ ഒരാഴ്ച കഴിഞ്ഞുപോലും ഇവ എടുത്തു മാറ്റുന്നത് പതിവാണ്. കോണ്‍ക്രീറ്റിന്റെ പിറ്റേദിവസം ബണ്ട് കെട്ടുന്നതുകൊണ്ട് ഫലത്തില്‍ രണ്ടാം ദിവസം മുതലാണ് വെളളം കെട്ടിനിര്‍ത്താന്‍ കഴിയുന്നത്. ഇത് കെട്ടിടത്തിന്റെ ഉറപ്പിനെ സാരമായി ബാധിക്കുന്നു. പടവിനുശേഷം വയറിംഗിനും പ്ലംബിംഗിനുമായി അശാസ്ത്രീയമായി ചുമരുകള്‍ വെട്ടിപ്പൊളിക്കുന്നത് ബലക്ഷയത്തിന് ആക്കംകൂട്ടുന്നു.
അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ചെങ്കല്‍ പടവില്‍ പരിചയമില്ലാത്തത് കണക്കിലെടുക്കാതെയാണ് അവരെ ജോലിയേല്‍പ്പിക്കുന്നതെന്ന് ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളുടെ മേല്‍നോട്ടം നാമമാത്രമാണ്. ആവശ്യത്തിലധികം നീളമുളള ജനലുകളും വാതിലുകളും കാരണം ചുമരിന് കോണ്‍ക്രീറ്റിന്റെ ഭാരം താങ്ങാന്‍ കഴിയാത്ത അവസ്ഥയുണ്ടാകുന്നു.
കരിങ്കല്ലും ചെങ്കല്ലും മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഖനനം ചെയ്യാന്‍ അനുമതി നല്‍കാന്‍ മാത്രമേ ജിയോളജി വകുപ്പിന് നിര്‍ദേശിക്കാനാകൂവെന്നും കല്ലിന്റെ വലുപ്പചെറുപ്പം നിഷ്‌കര്‍ഷിക്കാന്‍ നിലവില്‍ നിയമമില്ലെന്നും വകുപ്പധികൃതര്‍ വിശദീകരിച്ചു.
എ ഡി എം. കെ പി രമാദേവി, ആര്‍ ഡി ഒ. പി വി ഗംഗാധരന്‍, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡെപ്യൂട്ടി കലക്ടര്‍ വാസുദേവന്‍, എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ മില്‍റെഡ് നിര്‍മല നെറ്റാര്‍, ആര്‍ക്കിടെക്റ്റ് അര്‍ കെ രമേഷ്, ലെന്‍സ് ഫെഡ് സംസ്ഥാന പ്രസിഡന്റ് കെ സലീം, വടകര തഹസില്‍ദാര്‍ ജെനില്‍കുമാര്‍, കൊയിലാണ്ടി തഹസില്‍ദാര്‍ ഇന്‍ ചാര്‍ജ് കെ പി അയ്യപ്പന്‍, കോഴിക്കോട് അഡീഷനല്‍ തഹസില്‍ദാര്‍ കെ സുബ്രഹ്മണ്യന്‍, കരാറുകാര്‍, ക്വാറി ഉടമകള്‍, ബില്‍ഡേഴ്‌സ്, നിര്‍മാണ തൊഴിലാളി സംഘടനാ പ്രതിനിധികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.