Connect with us

Malappuram

വേങ്ങര കോളജ് ട്രസ്റ്റിന്റെ നിലപാടിനെതിരെ എം എസ് എഫും യൂത്ത് ലീഗും രംഗത്ത്

Published

|

Last Updated

വേങ്ങര: മണ്ഡലത്തില്‍ പുതുതായി ആരംഭിച്ച മലബാര്‍ എയ്ഡഡ് കോളജിന്റെ മാനേജ്‌മെന്റ് ട്രസ്റ്റിനെതിരെ മണ്ഡലം എം എസ് എഫും യൂത്ത്‌ലീഗും ശക്തമായ നീക്കത്തിനൊരുങ്ങുന്നു. ട്രസ്റ്റുമായുള്ള ലീഗ് പോഷക സംഘടനകളുടെ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ഇന്നലെ രാത്രി ചേര്‍ന്ന എം എസ് എഫ്, യൂത്ത്‌ലീഗ് മണ്ഡലം കമ്മിറ്റികളുയെ സംയുക്ത യോഗത്തിലാണ് തീരുമാനം.
പാര്‍ട്ടിയുടെ പോഷക സംഘടനകളുടെ നിലപാടുകള്‍ക്ക് വില കല്‍പ്പിക്കാതെ മണ്ഡലം മുസ്‌ലിംലീഗ് സെക്രട്ടറിയും ട്രസ്റ്റിന്റെ സെക്രട്ടറി പദവിയും ഒന്നിച്ചു വഹിക്കുന്ന പുല്ലാണി സൈതിനെതിരെയായിരുന്നു മണ്ഡലം നേതാക്കളുടെ വികാരം. സെക്രട്ടറിയുടെ ഈ നിലപാടുമായി മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും യോഗം മണ്ഡലം ലീഗ് നേതൃത്വത്തെ രേഖാമൂലം അറിയിക്കാനും തീരുമാനിച്ചിട്ടുണ്ട്. കോളജിനെതിരെ പ്രവര്‍ത്തിച്ച എസ് ഐ ഒയുടെ പ്രവര്‍ത്തകന് മാനേജ്‌മെന്റ് സീറ്റ് നല്‍കിയതുമായി ബന്ധപ്പെട്ട വിവാദമാണ് ട്രസ്റ്റും ലീഗ് പോഷക സംഘടനകളും തമ്മിലുള്ള ബന്ധം വഷളാക്കിയത്.
സര്‍ക്കാര്‍ കോളജിന് സ്ഥലമില്ലെന്ന കാരണത്താല്‍ കോളജ് നഷ്ടപ്പെടാതിരിക്കാനാണെന്ന തീരുമാനത്തിലാണ് ലീഗ് മണ്ഡലം പ്രസിഡന്റ്, സെക്രട്ടറിയടക്കം ഭാരവാഹികളായുള്ള ട്രസ്റ്റ് ആരംഭിച്ച് എയ്ഡഡ് കോളജ് ആരംഭിച്ചത്. കോളജ് പ്രവര്‍ത്തനങ്ങളുടെ തുടക്കത്തില്‍ തന്നെ പി എസ് എം ഒ കോളജ് മാതൃകയില്‍ സേവനവുമായി കോഴരഹിത കോളജായിരിക്കുമെന്നും ട്രസ്റ്റ് ഭാരവാഹികള്‍ തന്നെ പ്രഖ്യാപിച്ചിരുന്നു.
കോളജ് ജീവനക്കാരെ നിയമിക്കുമ്പോള്‍ യൂത്ത്‌ലീഗ് പ്രവര്‍ത്തകരായ ഊരകം ഗ്രാമപഞ്ചായത്തിലെ രണ്ടു പേരെ നിയമിക്കുന്നതും പരിഗണിച്ചിരുന്നു. അവസാന നിമിഷം ഇവരില്‍ നിന്നും ഭീമമായ സംഖ്യ കോഴ ആവശ്യപ്പെട്ടതായും അത് നല്‍കാത്തതിന്റെ പേരില്‍ ജോലി നല്‍കാന്‍ ട്രസ്റ്റ് തയ്യാറായില്ലെന്നും ഒരു വിഭാഗം യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നുണ്ട്. കോളജ് പ്രവേശനവും ജീവനക്കാരുടെ നിയമനങ്ങളും വിവാദമായതോടെ പാര്‍ട്ടിയും ട്രസ്റ്റും തമ്മില്‍ രൂക്ഷമായ അകല്‍ച്ചക്കാണ് ഇടയാക്കുന്നത്.