അപേക്ഷ സമര്‍പ്പിച്ച രണ്ടായിരത്തോളം പേര്‍ക്ക് ആധാര്‍ കാര്‍ഡ് ലഭിച്ചില്ല

Posted on: August 21, 2013 7:45 am | Last updated: August 21, 2013 at 7:45 am
SHARE

വേങ്ങര: എട്ടു മാസം മുമ്പ് ആധാര്‍ കാര്‍ഡിന് അപേക്ഷ സമര്‍പ്പിച്ച രണ്ടായിരത്തോളം പേര്‍ക്ക് കാര്‍ഡിനെ കുറിച്ച് ഏതൊരു വിവരവും ലഭ്യമല്ലെന്ന് പരാതി. വേങ്ങര നിയോജക മണ്ഡലത്തിലെ പറപ്പൂര്‍ പുഴച്ചാല്‍ എ എല്‍ പി സ്‌കൂളില്‍ നടന്ന എന്‍ പി ആര്‍ ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്തവരുടെ കാര്‍ഡിനെ കുറിച്ചാണ് വിവരമില്ലാത്തത്.

മണ്ഡലത്തില്‍ ആദ്യ എന്‍ പി ആര്‍ ക്യാമ്പ് നടത്തിയ കേന്ദ്രത്തില്‍ അപേക്ഷിച്ചവരുടെ കാര്‍ഡിനെ കുറിച്ചാണ് അധികൃതര്‍ കൈമലര്‍ത്തുന്നത്. എന്‍ പി ആര്‍ ക്യാമ്പില്‍ അപേക്ഷിച്ച ആധാര്‍ എടുക്കാത്തവരുടെ രേഖകള്‍ ആധാറിന് വേണ്ടി യു ഐ ഡി വിഭാഗത്തിന് കൈമാറുന്നുണ്ട്.
മാസങ്ങള്‍ക്കകം തന്നെ ഇത്തരം അപേക്ഷകര്‍ക്ക് ആധാര്‍ കാര്‍ഡും ലഭ്യമാകുന്നുണ്ട്. ഗ്യാസ് സബ്‌സിഡി, പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ് എന്നിവക്ക് വേണ്ടിയുള്ള അപേക്ഷയില്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബറില്‍ നല്‍കിയ പുഴച്ചാല്‍ കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്തവര്‍ ഇന്റര്‍നെറ്റ് വഴി നിന്ന് ടോള്‍നമ്പര്‍ നല്‍കി പ്രിന്റ്ഔട്ട് എടുക്കാന്‍ ശ്രമിച്ചപ്പോഴാണ് രണ്ടായിരത്തോളം പേരുടെ യാതൊരു വിവരവും ലഭ്യമല്ലെന്ന് അപേക്ഷകര്‍ അറിയുന്നത്. ഇതേ തുടര്‍ന്ന് തിരുവനന്തപുരത്തെ സംശയനിവാരണ വിഭാഗവുമായി ബന്ധപ്പെട്ടപ്പോള്‍ പുതിയ കാര്‍ഡ് എടുക്കാനാണ് ആവശ്യപ്പെട്ടത്. അതേ സമയം നേരത്തെ കാര്‍ഡിന് അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കരുതെന്നാണ് അക്ഷയ ജില്ലാ പ്രൊജക്ട് അധികൃതര്‍ അറിയിച്ചത്.
എന്‍ പി ആര്‍ ഡാറ്റശേഖരണത്തിന്റെ ചുമതലയേറ്റെടുത്ത പാലക്കാട് മലമ്പുഴ ഐ ടി ഐ അധികൃതര്‍ ഡാറ്റകള്‍ നഷ്ടപ്പെടാതെ യു ഐ ഡി വിഭാഗത്തിന് കൈമാറിയിട്ടുണ്ടെന്നും ഡാറ്റ പ്രൊസസിംഗ് നടപടികള്‍ നടക്കുന്നതാവാം വിവരങ്ങള്‍ ലഭ്യമാകാതിരിക്കാന്‍ കാരണമെന്നും പ്രൊജക്ട് കോഓര്‍ഡിനേറ്റര്‍ അറിയിച്ചു.
പാചകവാതക സബ്‌സിഡി ബേങ്ക് അക്കൗണ്ട് വഴി ആക്കുന്നതിന് ആധാറുമായി ബന്ധിപ്പിച്ച് അപേക്ഷ സമര്‍പ്പിക്കാനുള്ള ദിവസവും ഈ മാസം 31ന് അവസാനിക്കുകയാണ്. ഇതിനായുള്ള അവസരവും ഈ കേന്ദ്രത്തില്‍ ആധാറിന് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് നഷ്ടമാകും.

ആധാര്‍ – ബേങ്ക് അക്കൗണ്ട്: കാനഡ
ബേങ്കിന്റെ 36 ശാഖകളില്‍ സൗകര്യം

മലപ്പുറം: ആധാര്‍ അനുബന്ധ ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിന് ജില്ലയില്‍ കനറാ ബേങ്കിന്റെ 36 ശാഖകളിലും സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ലീഡ് ഡിസ്ട്രിക്റ്റ് മാനേജര്‍ എം പി സത്യനാരായണന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡും അക്കൗണ്ടുമുള്ളവര്‍ ബാങ്കിന്റെ ശാഖകളിലെത്തി ഇവ രണ്ടും ബന്ധപ്പെടുത്തണം. ഇതിനുള്ള അപേക്ഷാ ഫോം ബാങ്കിന്റെ 36 ശാഖകളിലും ലഭിക്കും. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ ഇതിനുള്ള സൗകര്യമുണ്ടാവും. ബേങ്ക് അക്കൗണ്ടുകളില്ലാത്തവര്‍ പുതുതായി അക്കൗണ്ട് തുടങ്ങണം.
അടുത്തമാസം ഒന്ന് മുതല്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങളും പാചകവാതക സബ്‌സിഡിയും ബാങ്കുകള്‍ മുഖേനയാക്കുന്നതിനാല്‍ പൊതുജനങ്ങള്‍ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് എല്‍ ഡി എം അറിയിച്ചു. ആനങ്ങാടി, അരീക്കോട്, ബി പി അങ്ങാടി, ചങ്ങരംകുളം, എടകര, എടപ്പാള്‍, എടവണ്ണ, കല്‍പകഞ്ചേരി, കോട്ടക്കല്‍ ചങ്കുവെട്ടി, കൊണ്ടോട്ടി, കുന്നുംപുറം, കുറുകത്താണി, കുറ്റിപ്പുറം, മലപ്പുറം മെയിന്‍ ബ്രാഞ്ച്, മലപ്പുറം ഡൗണ്‍ ഹില്‍, മഞ്ചേരി മെയിന്‍ ബ്രാഞ്ച്, മഞ്ചേരി എസ് എം ഇ, നന്നമ്പ്ര, നിലമ്പൂര്‍, പറപ്പൂര്‍, പെരിന്തല്‍മണ്ണ മെയിന്‍ ബ്രാഞ്ച്, പെരിന്തല്‍മണ്ണ അല്‍ഷിഭാ, പെരുമ്പടപ്പ്, പറമ്പില്‍ പീടിക, രാമപുരം, താനൂര്‍, തിരൂര്‍, തിരൂരങ്ങാടി, തൃക്കലങ്ങോട്, വൈലത്തൂര്‍, വളാഞ്ചേരി, വള്ളുവമ്പ്രം, വെറ്റിലപ്പാറ, വണ്ടൂര്‍, പൊന്നാനി, അങ്ങാടിപ്പുറം.

താലൂക്ക് ഓഫീസുകളില്‍
പ്രത്യേക സൗകര്യം
മലപ്പുറം: ആധാര്‍ കാര്‍ഡ് എടുക്കുന്നതിന് ഇന്ന് മുതല്‍ ഏറനാട്, പെരിന്തല്‍മണ്ണ, തിരൂര്‍ താലൂക്ക് ഓഫീസുകളിലും തിരൂരങ്ങാടി താലൂക്ക് ഓഫിസിനടുത്തുള്ള അക്ഷയ കേന്ദ്രത്തിലും പ്രത്യേക സൗകര്യമുണ്ടാകും.