Connect with us

Gulf

ഖത്തറില്‍ ഇന്റര്‍നെറ്റ് ഉപയോഗം വര്‍ദ്ധിക്കുന്നു

Published

|

Last Updated

ദോഹ: ഖത്തറിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ക്കിടയില്‍ ഫേസ്ബുക്ക്, ട്വിറ്റര്‍, സ്‌കൈപ്പ്, മെസ്സഞ്ചര്‍ പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളുടെയും അനുബന്ധ ഇലക്ട്രോണിക് സംവിധാനങ്ങളുടെയും ഉപയോക്താക്കളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ആഘോഷ വേളകളിലും മറ്റു പ്രത്യേക സന്ദര്‍ഭങ്ങളിലും ഇന്റര്‍നെറ്റ് ഏറിയ തോതില്‍ ഉപയിഗിച്ചു വരുന്നതായി ഇയ്യിടെ നടന്ന കണക്കെടുപ്പുകള്‍ വ്യക്തമാക്കുന്നുണ്ട്. കുറഞ്ഞ ചിലവിലും അതിവേഗവും വേണ്ടപ്പെട്ടവരുമായി ഇടപഴകാനാകുന്നു എന്നതാണ് പ്രവാസികളെ ഈ രംഗത്തേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നത്. പലതിലും കുടുംബാംഗങ്ങളെ നേരില്‍ കണ്ടു വിശേഷങ്ങള്‍ കൈമാറാന്‍ അവസരമുണ്ട് എന്നതും പ്രവാസികളെ ഇത്തരം സൈറ്റുകളിലേക്ക് ആകര്‍ഷിക്കുന്നു.

ആഘോഷവേളകളിലും മറ്റും ബന്ധുക്കളുടെയും കുടുംബങ്ങളുടെയും ക്ഷേമ വിവരങ്ങള്‍ ആരായുന്നതിനും സ്‌നേഹ സന്ദേശവും സന്തോഷവും കൈമാറുന്നതിനുമായി ധാരാളം വിദേശികള്‍ ഇത്തരം സംവിധാനം ഉപയോഗപ്പെടുത്തുന്നുണ്ട്. വിനോദ സൗഹൃദ ആവശ്യങ്ങള്‍ക്കായി നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണവും കൂടിവരുന്നാതായി കാണുന്നു. വ്യാപാര വാണിജ്യ ആവശ്യങ്ങള്‍ക്കുള്‍പ്പെടെ സാര്‍വത്രികമായി നെറ്റ് ഉപയോഗിക്കുന്നുവെങ്കിലും താഴ്ന്ന വരുമാനത്തില്‍ ജോലിചെയ്യുന്നവര്‍ കൂടി അനുദിനം ഇവയുടെ ഗുണഭോക്താക്കളായി മാറുന്നു എന്നാണ് അറിയാന്‍ കഴിയുന്നത്. ഇത്തവണ നാട്ടിലും ഖത്തറിലും ഒരേ ദിവസം പെരുന്നാളായതു പ്രവാസികളുടെ സന്തോഷം വര്‍ദ്ധിപ്പിച്ചതിന് പുറമേ, ഇത്തരം സംവിധാനങ്ങളുടെ ഉപയോഗം വര്‍ദ്ധിച്ചതിനും കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. മറ്റുള്ളവരോടൊപ്പം പങ്കു ചേര്‍ന്നാണെങ്കിലും തനിക്കു മുമ്പില്‍ ഇന്റര്‍നെറ്റ് ബന്ധം ഉണ്ടായിരിക്കുക എന്നത് പ്രവാസികളില്‍ തൊണ്ണൂറു ശതമാനം ആളുകളുടെയും ആവശ്യങ്ങളുടെ ഭാഗമായി തീര്‍ന്നിട്ടുണ്ട്. വ്യാവസായിക മേഖലകളിലും മറ്റും ജോലിയിലേര്‍പ്പെടുന്ന ചെറിയ ശമ്പളക്കാരായ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പോലും ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നതിനായി വില കൂടിയ മൊബൈല്‍ ഹാന്‍ഡ് സെറ്റുകള്‍ സ്വന്തമാക്കാന്‍ മത്സരിക്കുന്നതായി കാണുന്നു. ഈ അവസരം ഉപയോഗപ്പെടുത്തി ആയിടങ്ങളിലെ മൊബൈല്‍ വില്‍പ്പനക്കാര്‍ ഉപഭോക്താക്കളെ പിടിക്കാനായി സ്‌പെഷല്‍ നെറ്റ് ഓഫറുകളും മറ്റും ഏര്‍പ്പെടുത്തുന്നുമുണ്ട്.

Latest