Connect with us

Ongoing News

റമസാനില്‍ കണ്‍സ്യൂമര്‍ഫെഡിന് 37 കോടിയുടെ റെക്കോഡ് വില്‍പ്പന

Published

|

Last Updated

തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡ് തുറന്ന സഹകരണ റമസാന്‍ വിപണിയില്‍ പത്തു ദിവസംകൊണ്ട് നടന്നത് 37.04 കോടി രൂപയുടെ വില്‍പ്പന. കണ്‍സ്യൂമര്‍ഫെഡിന്റെ ത്രിവേണി സ്‌റ്റോറുകളും നന്മ സ്‌റ്റോറുകളും കൂടാതെ ജില്ലാ തലത്തിലും നിയോജകമണ്ഡല തലത്തിലും സ്‌റ്റോറുകള്‍ തുറന്നിരുന്നു. സഹകരണ വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളും പ്രാദേശികമായി വിപണികള്‍ തുറന്നിരുന്നു. ആകെ 2,707 റമസാന്‍ വിപണികളാണ് പ്രവര്‍ത്തിച്ചത്.
ജില്ലാ തലത്തില്‍ തിരുവനന്തപുരത്താണ് ഏറ്റവുമധികം വിപണികള്‍ പ്രവര്‍ത്തിച്ചത് 278 എണ്ണം. കൊല്ലം 249, പത്തനംതിട്ട 80, ആലപ്പുഴ 81, കോട്ടയം 71, ഇടുക്കി 31, എറണാകുളം 113, തൃശൂര്‍ 227, മലപ്പുറം 64, പാലക്കാട് 161, കോഴിക്കോട് 122, വയനാട് 60, കണ്ണൂര്‍ 92, കാസര്‍കോട് 33 എന്നിങ്ങനെയാണ് ഓരോ ജില്ലയിലും തുറന്ന വിപണികള്‍. ത്രിവേണി സ്‌റ്റോറുകളും ജില്ലാ തല മേളകളും ഉള്‍പ്പെടെ 263 എണ്ണവും 782 നന്മ സ്‌റ്റോറുകളും റമസാനോടനുബന്ധിച്ച് സാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ വില്‍പ്പന നടത്തി. ത്രിവേണി, ജില്ലാതല മേളകളില്‍ 8.76 കോടി രൂപയുടെയും നന്മ സ്‌റ്റോറുകളില്‍ 9.30 കോടി രൂപയുടെയും വില്‍പ്പന നടന്നു. 13 ഇനം നിത്യോപയോഗ സാധനങ്ങളും ബിരിയാണിക്കുള്ള റമസാന്‍ കിറ്റുമാണ് സബ്‌സിഡി നിരക്കില്‍ വിപണന മേളകള്‍ വഴി വിതരണം ചെയ്തത്. ഇപ്പോള്‍ ജില്ലാ തലത്തിലും നിയോജകമണ്ഡലം തലത്തിലും നടന്നുവരുന്ന വിപണന മേളകള്‍ ഓണം വരെ തുടരും. അതുകൂടാതെ സെപ്റ്റംബര്‍ ഒന്നു മുതല്‍ 15 വരെ ത്രിവേണി സ്‌റ്റോറുകളും നന്മ സ്‌റ്റോറുകളും ഉള്‍പ്പെടെ 4,000 കേന്ദ്രങ്ങളില്‍ പ്രത്യേക ഓണം വിപണന മേളകള്‍ കണ്‍സ്യൂമര്‍ഫെഡ് സംഘടിപ്പിക്കുന്നുണ്ട്.