പ്രവാസി പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ ലീഗല്‍ സെല്‍ പരിഗണനയില്‍: നിയമസഭാ സമിതി

Posted on: August 21, 2013 12:52 am | Last updated: August 21, 2013 at 12:52 am
SHARE

കണ്ണൂര്‍: മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതടക്കം പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് നിയമ നടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഗള്‍ഫ് രാജ്യങ്ങളില്‍ ലീഗല്‍ സെല്‍ ആരംഭിക്കുന്നത് പരിഗണനയിലാണെന്ന് നിയമസഭയുടെ പ്രവാസി ക്ഷേമകാര്യ സമിതി ചെയര്‍മാന്‍ അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി എം എല്‍ എ അറിയിച്ചു. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നിയമപരമായി ആലോചിച്ചുവരികയാണെന്നും കണ്ണൂര്‍ കലക്ടറേറ്റ് ഹാളില്‍ പ്രവാസി ക്ഷേമ കാര്യസമിതി സിറ്റിംഗില്‍ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു.

പ്രവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളുമായി ചേര്‍ന്നാണ് ലീഗല്‍ സെല്‍ ഉണ്ടാക്കുക. പ്രാദേശിക നിയമവിദഗ്ധരും സെല്ലില്‍ ഉണ്ടാകും. എംബസിയില്‍ ഇടപെട്ട് പ്രശ്‌നങ്ങളില്‍ അടിയന്തര പരിഹാരമുണ്ടാക്കുന്നതിനാണ് ലീഗല്‍ സെല്‍ പ്രവര്‍ത്തിക്കുക. ബഹ്‌റൈന്‍, യു എ ഇ എന്നിവിടങ്ങളില്‍ ഇടപെടാന്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചിട്ടുണ്ട്. മറ്റ് സ്ഥലങ്ങളിലേക്ക് കൂടി ഹെല്‍പ് ഡെസ്‌ക് വ്യാപിപ്പിക്കാന്‍ ആലോചിക്കുന്നുണ്ട്. പ്രവാസികള്‍ കേരളത്തിലേക്ക് ദേശസാത്കൃത ബേങ്കുകള്‍ മുഖേന അയക്കുന്ന 60,000 കോടി രൂപയുടെ മൂന്ന് ശതമാനം പലിശ തിരിച്ചുവന്ന പ്രവാസികളുടെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന കാര്യങ്ങളില്‍ ലോണ്‍ സബ്‌സിഡി നല്‍കാന്‍ ബേങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസി ക്ഷേമനിധി ആകര്‍ഷകമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പ്രായപരിധി 60 വയസ്സായി ഉയര്‍ത്തിയത് ഉടന്‍ പ്രാബല്യത്തില്‍ വരുത്താനുള്ള നടപടിക്രമം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സഊദിയില്‍ നിന്ന് നിതാഖാത്ത് നിയമനടപടിയുടെ ഭാഗമായി കേരളത്തില്‍ തിരിച്ചെത്തിയ 10,995 പേര്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 9,690 പേര്‍ വിമാനത്താവളങ്ങളിലും 1,305 പേര്‍ ഓണ്‍ലൈനായുമാണ് രജിസ്റ്റര്‍ ചെയ്തത്. മടങ്ങിയെത്തിയവര്‍ക്ക് വേണ്ടി ലോണ്‍ അനുവദിക്കുന്നതിനായി 17,500 അപേക്ഷകള്‍ ഇതുവരെ ലഭിച്ചു. 200 പ്രവാസികളെ ഓരോ വര്‍ഷവും കണ്ടെത്തി പുനരധിവാസ പദ്ധതി നടപ്പാക്കും. സെപ്തംബര്‍ മാസം മൂന്ന് കേന്ദ്രങ്ങളില്‍ ശില്‍പ്പശാല സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പദ്ധതിക്കായി കേന്ദ്ര സഹായവും ആവശ്യപ്പെടും. ഗള്‍ഫില്‍ മരിക്കുന്ന സ്ത്രീകളുടെ മൃതദേഹം കുളിപ്പിക്കുന്നതടക്കമുള്ള മരണാനന്തര ചടങ്ങുകള്‍ അവിടെ പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനകളുടെ സഹായത്തോടെ നടത്താനുള്ള അനുമതിക്കായി ശ്രമം നടത്തുമെന്നും രണ്ടത്താണി പറഞ്ഞു. ദുബൈയില്‍ അടക്കം ഇപ്പോള്‍ മറ്റ് രാജ്യക്കാരായ പുരുഷന്മാരെ മയ്യിത്ത് പരിപാലനം ഏല്‍പ്പിക്കുന്നത് സംബന്ധിച്ച് പരാതിയുണ്ട്.