ആഭരണ കവര്‍ച്ച: കേസിലെ പ്രതി അറസ്റ്റില്‍

Posted on: August 21, 2013 12:41 am | Last updated: August 21, 2013 at 12:41 am
SHARE

കൊല്ലം: രാത്രികാലങ്ങളില്‍ ആഭരണങ്ങള്‍ അണിഞ്ഞ യുവാക്കളോട് സൗഹൃദം ഉണ്ടാക്കി അവരില്‍ നിന്ന് സ്വര്‍ണാഭരണങ്ങളും പണവും അപഹരിക്കുന്നയാളെ കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.
കുണ്ടറ പെരുമ്പുഴ മിനി ഗ്യാസ് ഗോഡൗണിന് സമീപം പാവൂര്‍ തെക്കേതില്‍ രാധാ മന്ദിരത്തിലെ സന്തോഷ് കുമാറി (36)നെയാണ് തൃപ്രയാറില്‍ നിന്നും അറസ്റ്റ് ചെയ്തത്. കൊല്ലം കെ എസ് ആര്‍ ടി സിക്ക് സമീപം ലിങ്ക് റോഡില്‍ നിന്ന് നെയ്യാറ്റിന്‍കര സ്വദേശിയായ ബിജുവിന്റെ രണ്ട് പവന്റെ മാല പൊട്ടിച്ചെടുത്ത കേസിലും ശാസ്താംകോട്ടയിലെ ബാലുവിന്റെ മൂന്ന് പവന്റെ മാലയും ബ്രയ്‌സ്‌ലറ്റും പിടിച്ചുപറിച്ച കേസിലും ആലപ്പുഴ സ്വദേശി അരുണ്‍കുമാറിന്റെ അഞ്ച് പവനുള്ള മാല പൊട്ടിച്ചെടുത്ത കേസിലും ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കൊല്ലം ഈസ്റ്റ് പോലീസാണ് ഈ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂര്‍, കൂടാതെ കന്യാകുമാരി എന്നിവിടങ്ങളില്‍ ഇയാള്‍ ഇത്തരത്തില്‍ സ്വര്‍ണം കവര്‍ച്ച ചെയ്തതായി സമ്മതിച്ചിട്ടുണ്ട്. സ്വര്‍ണവും പണവും നഷ്ടപ്പെട്ട നിരവധി പേരും പോലീസില്‍ പരാതിപ്പെടാറില്ല. പ്രതിക്കെതിരെ കൊല്ലം ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ സാമ്പത്തിക തട്ടിപ്പുമായി വേറെ വാറണ്ടുകള്‍ നിലവില്‍ ഉണ്ട്. ബേങ്ക് ഉദ്യോഗസ്ഥര്‍, ഐ ടി പ്രൊഫഷണനലുകള്‍ എന്നിവരാണ് ഇയാളുടെ കവര്‍ച്ചക്ക് ഇരയായവരില്‍ ഏറെയും.