വാളകം സംഭവം: അധ്യാപകന് നേരെ നടന്നത് ആസൂത്രിത അക്രമമെന്ന് സി ബി ഐ

Posted on: August 21, 2013 12:40 am | Last updated: August 21, 2013 at 12:40 am
SHARE

കൊല്ലം: വാളകം രാമവിലാസം സ്‌കൂളിലെ അധ്യാപകന്‍ കൃഷ്ണകുമാറിനെ ദുരൂഹ സാഹചര്യത്തില്‍ ഗുരുതര പരുക്കുകളോടെ എം സി റോഡില്‍ കണ്ടെത്തിയ സംഭവം ആസൂത്രിത ആക്രമണമായിരുന്നുവെന്ന് സി ബി ഐ സംഘം നിഗമനത്തിലെത്തി.

കഴിഞ്ഞ ദിവസം കൃഷ്ണകുമാറിന്റെ വീട്ടിലെത്തി വിശദവിവരം ആരാഞ്ഞ അന്വേഷണ സംഘം നടന്നത് ആക്രമണം തന്നെയെന്ന് വ്യക്തമാക്കിയതായി അധ്യാപകന്റെ ഭാര്യ കെ ആര്‍ ഗീതയാണ് വെളിപ്പെടുത്തിയത്.
ആദ്യഘട്ടത്തില്‍ അന്വേഷണം നടത്തിയ ലോക്കല്‍ പോലീസ് അപകടമാണെന്ന നിഗമനത്തിലാണ് എത്തിച്ചേര്‍ന്നിരുന്നത്. അധ്യാപകന്റെ ശരീരത്തില്‍ ഒടിവും ചതവും സംഭവിക്കാതെ ആന്തരികാവയവങ്ങള്‍ക്ക് മാത്രം ക്ഷതം സംഭവിച്ചത് ആസൂത്രിത ആക്രമണം മൂലമായിരിക്കാമെന്നാണ് സി ബി ഐയുടെ വിലയിരുത്തല്‍. എന്നാല്‍ വളരെയേറെ പേരെ ചോദ്യം ചെയ്യുകയും ശാസ്ത്രീയ അന്വേഷണരീതി അവലംബിക്കുകയും ചെയ്തിട്ടും കുറ്റകൃത്യത്തിന് പിന്നിലുള്ളവരെ കണ്ടെത്താനുള്ള ഒരു സൂചനയും സി ബി ഐക്ക് ലഭിച്ചിട്ടില്ല.
ചിലരെ നുണപരിശോധനക്ക് വിധേയരാക്കാനാണ് ഇപ്പോള്‍ സി ബി ഐയുടെ നീക്കം. ഇതില്‍ നിന്ന് തെളിവുകള്‍ ലഭിച്ചാലും ശാസ്ത്രീയ തെളിവായി കോടതി അംഗീകരിക്കുകയുമില്ല. ആക്രമണമാണെന്ന കണ്ടെത്തല്‍ ആശ്വാസകരമാണെന്ന് കെ ആര്‍ ഗീത പ്രതികരിച്ചു.
എന്നാല്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച വമ്പന്മാരെല്ലാം രക്ഷപ്പെടുമെന്നും ആരുടെയെങ്കിലും ചുമലില്‍ കുറ്റം കെട്ടിവച്ച് അന്വേഷണം അവസാനിപ്പിക്കുമെന്ന ആശങ്കയുള്ളതായി ഗീത വ്യക്തമാക്കി. കേസന്വേഷണം ഒരു മാസത്തിനകം അവസാനിപ്പിക്കാനാണ് സി ബി ഐ നീക്കം.2011 സെപ്തംബര്‍ 27നു രാത്രി പത്തോടെയാണ് കൃഷ്ണകുമാറിനെ പരുക്കേറ്റ നിലയില്‍ എം സി റോഡില്‍ വാളകം എം എല്‍ എ ജംഗ്ഷനില്‍ കണ്ടെത്തിയത്. ആദ്യം ലോക്കല്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും പിന്നീട് സി ബി ഐക്കു വിടുകയായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here