Connect with us

Eranakulam

കുറ്റപത്രം സമര്‍പ്പിക്കുന്ന ഉദ്യോഗസ്ഥനാരെന്ന കാര്യത്തില്‍ വ്യക്തത വേണം: കോടതി

Published

|

Last Updated

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്ന ഉദ്യോഗസ്ഥനാര്? ഈ നിയമ പ്രശ്‌നത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിക്കുന്ന കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ട ഉദ്യോഗസ്ഥന്‍ ആരെന്ന കാര്യത്തില്‍ വ്യക്തത വേണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത 33 കേസുകളുടെയും അന്വേഷണ ചുമതല അതാത് ഡി വൈ എസ് പിമാര്‍ക്കാണ്. അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതലയും അന്തിമ റിപ്പോര്‍ട്ട് പരിശോധിച്ച് കോടതിയില്‍ സമര്‍പ്പിക്കുന്നതിന് അനുമതി നല്‍കുകയുമാണ് പ്രത്യേക അന്വേഷണ സംഘത്തലവന്‍ അഡീഷനല്‍ ഡി ജി പിയുടെ ചുമതലയെന്നും സര്‍ക്കാര്‍ രേഖാമൂലം ഹൈക്കോടതിയെ അറിയിച്ചു. ഇതുസംബന്ധിച്ച് പോലീസ് മേധാവിയും സര്‍ക്കാറും പുറപ്പെടുവിച്ച ഉത്തരവുകളുടെ പകര്‍പ്പും അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ ഹാജരാക്കി.
എല്ലാ കേസുകളിലും പ്രത്യേക അന്വേഷണ സംഘത്തലവനെ സാക്ഷിയാക്കേണ്ടതില്ല. അദ്ദേഹം ചോദ്യം ചെയ്യുകയോ രേഖകള്‍ പിടിച്ചെടുക്കുകയോ ചെയ്തിട്ടുള്ള കേസുകളില്‍ എ ഡി ജി പിയെ സാക്ഷിയാക്കാമെന്നും പത്രികയില്‍ പറയുന്നു. പ്രതികളുടെ ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കുക മാത്രമാണ് കോടതിയുടെ ചുമതലയെന്നും ജാമ്യാപേക്ഷയുടെ പുറത്തുള്ള കാര്യങ്ങള്‍ പരിശോധിക്കാനും മറ്റ് നിര്‍ദേശങ്ങള്‍ നല്‍കാനും പാടില്ലെന്ന സുപ്രീം കോടതി വിധികളും എ ജി കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
അതേസമയം കേസുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളെ കുറിച്ച് നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയല്ല ഉദ്ദേശ്യമെന്നും അന്വേഷണത്തിന്റെ നിയമപരമായ നടപടി ക്രമങ്ങള്‍ പരിശോധിക്കുകയാണ് ചെയ്യുന്നതെന്നും ജസ്റ്റിസ് എസ് എസ് സതീശ്ചന്ദ്രന്‍ വ്യക്തമാക്കി. പ്രത്യേക അന്വേഷണ സംഘത്തലവന്റെ ചുമതല സംബന്ധിച്ച് എ ജിയും ഡി ജി പിയും വ്യത്യസ്ത വാദങ്ങളാണ് കോടതിയില്‍ ഉന്നയിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.
സോളാര്‍ കേസുകളുടെ അന്വേഷണം സി ബി ഐക്ക് കൈമാറണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹരജി ഡിവിഷന്‍ ബഞ്ചിന്റെ പരിഗണയിലാണ്. കേസ് അന്വേഷണം തൃപ്തികരമല്ലെന്ന് തട്ടിപ്പിന്നിരയായവര്‍ ആരും പരാതി ഉന്നയിച്ചിട്ടില്ലെന്നും എ ജി ബോധിപ്പിച്ചു.
സോളാര്‍ കേസുകളുടെ അന്വേഷണം ഹരജിയാക്കി വിചാരണക്കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്ന ഉദ്യോഗസ്ഥന്‍ ആരെന്ന നിയമ പ്രശ്‌നമാണ് പരിഗണിക്കുന്നതെന്ന് കോടതി ആവര്‍ത്തിച്ചു. എന്നാല്‍ അന്വേഷണം ഹരജിയാക്കി വിചാരണക്കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന ചുമതല കേസ് രജിസ്റ്റര്‍ ചെയ്ത പോലിസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനാണെന്ന് പ്രതിഭാഗം അഭിഭാഷകന്‍ വി വിജയഭാനു വാദിച്ചു.

 

---- facebook comment plugin here -----

Latest