Connect with us

Malappuram

മുജാഹിദ് ഐക്യം: മടവൂരിന്റെ മോഹം ഫലിക്കില്ല; യോഗത്തില്‍ നിന്ന് സലഫി ഇറങ്ങിപ്പോയി

Published

|

Last Updated

മലപ്പുറം: ഇടഞ്ഞ് നില്‍ക്കുന്ന മുജാഹിദ് വിഭാഗങ്ങള്‍ ഒന്നിക്കണമെന്ന ഹുസൈന്‍ മടവൂരിന്റെ മോഹം സഫലമാകില്ല. മരിക്കുന്നതിന് മുമ്പ് നമ്മളൊന്നാകുമോ എന്ന തലക്കെട്ടില്‍ മുജാഹിദ് വിഭാഗങ്ങള്‍ ഒരുമിക്കേണ്ട ആവശ്യങ്ങള്‍ നിരത്തി ഹുസൈന്‍ മടവൂര്‍ ചന്ദ്രികയില്‍ ദീര്‍ഘമായ ലേഖനം എഴുതിയതിനെ തുടര്‍ന്ന് വീണ്ടും ഐക്യശ്രമങ്ങള്‍ തുടങ്ങിയിരുന്നു. എന്നാല്‍ ഇതിനെ തുരങ്കം വെക്കുന്ന തരത്തില്‍ ഒരു വിഭാഗം ശക്തമായ പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

വിവിധയിടങ്ങളില്‍ രഹസ്യ യോഗങ്ങള്‍ സജീവമായിട്ടുണ്ട്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ഇ ടി മുഹമ്മദ് ബശീര്‍, പി കെ കുഞ്ഞാലിക്കുട്ടി, കെ പി എ മജീദ് എന്നിവരുടെ നേതൃത്വത്തിലും ഐക്യശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് ഒരു വിഭാഗം തകിടം മറിക്കുന്നത്. കോഴിക്കോട്ടും എറണാകുളത്തുമാണ് ഇതിനകം യോഗം ചേര്‍ന്നത്. സംസ്ഥാന സെക്രട്ടറി അബ്ദുര്‍റഹ്മാന്‍ സലഫിയുടെ നേതൃത്വത്തിലാണ് രണ്ടിടത്തും നീണ്ട ചര്‍ച്ചകള്‍ നടന്നത്. കോഴിക്കോട്ടെ അബ്ദുല്‍ ഖാദിര്‍ ഹാജിയുടെ വീട്ടില്‍ രണ്ട് തവണയാണ് യോഗം കൂടിയത്.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു അവസാന യോഗം. പിളര്‍പ്പിനെ തുടര്‍ന്ന് നേതാക്കളായവരാണ് സലഫിയും നൂര്‍ മുഹമ്മദ് ഷായും. ഐക്യം പൂര്‍ണമായാല്‍ സ്ഥാനമാനങ്ങള്‍ നഷ്ടമാകുമെന്ന ഭീതിയാണ് ഇവരെ അലോസരപ്പെടുത്തുന്നത്. മഞ്ചേരിയില്‍ ഇരു വിഭാഗങ്ങള്‍ ഒന്നിച്ച് സംഘടിപ്പിച്ച യോഗത്തില്‍ എ പി അബ്ദുല്‍ഖാദിര്‍ മൗലവി പങ്കെടുക്കരുതെന്ന് അദ്ദേഹത്തിന്റെ വീട്ടിലെത്തി അബ്ദുര്‍റഹ്മാന്‍ സലഫി ആവശ്യപ്പെട്ടിരുന്നുവത്രെ.
എന്നാല്‍ ഇതിനെ അവഗണിച്ച് അദ്ദേഹം പരിപാടിയില്‍ പങ്കെടുത്തതും ഇവരെ ചൊടിപ്പിച്ചിരുന്നു. ഐ എസ് എം അഡ്‌ഹോക്ക് കമ്മിറ്റി പ്രസിഡന്റ് പി കെ സകരിയ്യയുടെ നേതൃത്വത്തിലുള്ള വിഭാഗവും ഐക്യം നടക്കരുതെന്ന് വാദിക്കുന്നവരാണ്. അതേ സമയം ഐക്യശ്രമങ്ങളിലൊന്നും സകരിയ്യ സ്വലാഹിയുടെ കീഴിലുള്ള ജിന്ന് വിഭാഗത്തെ പങ്കെടുപ്പിക്കുന്നില്ല. മുജാഹിദ് പ്രസ്ഥാനത്തിന്റെ ആശയങ്ങളോട് പുറം തിരിഞ്ഞുനില്‍ക്കുന്ന ഇവരെ അകറ്റി നിര്‍ത്തണമെന്നാണ് ഭൂരിഭാഗം നേതാക്കളും അണികളും പറയുന്നത്.
തീവ്രമായ നിലപാടുകളുള്ള ഇവരെ കൂടെക്കൂട്ടിയാല്‍ പ്രശ്‌നം രൂക്ഷമാകുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ദിവസം കോഴിക്കോട് സി ഡി ടവറില്‍ ചേര്‍ന്ന കെ എന്‍ എം നിര്‍വാഹക സമിതി യോഗത്തില്‍ ഐക്യത്തിനെതിരെ രഹസ്യമായി പട നയിക്കുന്ന നൂര്‍ മുഹമ്മദ് ഷായും അബ്ദുര്‍റഹ്മാന്‍ സലഫിയും പങ്കെടുത്തിരുന്നു. സാധാരണ യോഗങ്ങളില്‍ സലഫിയുടെ അഭിപ്രായങ്ങള്‍ക്ക് മുന്‍തൂക്കം ലഭിക്കാറുണ്ടെങ്കിലും ഇത്തവണ അതുണ്ടായില്ല. ഇദ്ദേഹത്തിനെതിരെ ടി പി അബ്ദുല്ലക്കോയ മദനി അടക്കമുള്ളവര്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചു. അഭിപ്രായങ്ങളെ അവഗണിച്ചതോടെ സലഫി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. സംഘടനയില്‍ ഭിന്നിപ്പ് ഉണ്ടാക്കിയവര്‍ തെറ്റ് തിരുത്തി മടങ്ങിവരണമെന്നാണ് അദ്ദേഹം യോഗത്തില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ അഭിപ്രായത്തോട് മിക്കവരും യോജിച്ചില്ല. ഇതേ തുടര്‍ന്നാണ് സലഫി ഇറങ്ങിപ്പോയത്.

---- facebook comment plugin here -----

Latest