പ്രിന്‍സിപ്പല്‍ എസ് ഐമാരില്ല; സ്റ്റേഷനുകളുടെ പ്രവര്‍ത്തനം താളംതെറ്റുന്നു

Posted on: August 21, 2013 12:29 am | Last updated: August 21, 2013 at 12:29 am
SHARE

പാലക്കാട്: ജില്ലയിലെ മിക്കവാറും പോലീസ് സ്റ്റേഷനുകളിലും പ്രിന്‍സിപ്പല്‍ എസ്‌ഐമാര്‍ ഇല്ലാത്തത് ക്രമസമാധാന പാലനം അവതാളത്തിലാക്കുന്നു. മുപ്പത്തിമൂന്നു സ്റ്റേഷനുകളില്‍ പതിനൊന്ന് എണ്ണത്തില്‍ മാത്രമാണ് പ്രിന്‍സിപ്പല്‍ എസ്‌ഐമാരുള്ളത്.
മിക്ക സ്റ്റേഷനുകളിലും ഗ്രേഡ് എസ ്‌ഐ മാര്‍ക്കാണ് സ്റ്റേഷനുകളുടെ പൂര്‍ണ ചുമതല. ചില എസ്‌ഐമാര്‍ക്ക് സിഐമാരായി സ്ഥാനക്കയറ്റം ലഭിച്ചത് നിലവിലുള്ള 11 പ്രിന്‍സിപ്പല്‍ എസ് ഐമാരുടെ കാര്യത്തിലും മാറ്റം വരുത്തും.
ഒറ്റപ്പാലം, പട്ടാമ്പി, പാലക്കാട് നോര്‍ത്ത്, സൗത്ത്, ആലത്തൂര്‍, വടക്കഞ്ചേരി, കൊല്ലങ്കോട് സ്റ്റേഷനുകളില്‍ ആവശ്യത്തിന് പോലീസുകാരില്ല. ജോലിഭാരം കൂടുതലും. ജില്ലയില്‍ ഏറ്റവുമധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന ഒറ്റപ്പാലം സ്റ്റേഷനില്‍ പോലും മതിയായ പോലീസുകാരില്ല. ഇതുമൂലം ജനമൈത്രി പോലീസ് പദ്ധതി അവസാനിപ്പിച്ചിരിക്കുകയാണ്. പുതിയ നിയമനം നടന്നാല്‍പോലും സബ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് സ്റ്റേഷന്‍ ചുമതല നല്‍കാന്‍ ഒന്നരവര്‍ഷം കഴിയണം.
നിലവിലുള്ള എസ്‌ഐമാരില്‍ ഭൂരിഭാഗംപേരും വൈകാതെ സ്ഥാനക്കയറ്റം ലഭിക്കുന്നവരാണ്. അതോടെ ഈ സ്റ്റേഷനുകളുടെ തലപ്പത്ത് ആളില്ലാതാവും. ഭൂരിഭാഗം സ്റ്റേഷനുകളിലും ഇപ്പോള്‍ ഗ്രേഡ് എസ്‌ഐമാരുടെ ഭരണമാണ് നടക്കുന്നത്.