പണമടങ്ങിയ ബാഗ് തിരിച്ചേല്‍പ്പിച്ച് ഡ്രൈവര്‍ മാതൃകയായി

Posted on: August 21, 2013 12:28 am | Last updated: August 21, 2013 at 12:28 am
SHARE

moneyപാലക്കാട്: വൃദ്ധ ഓട്ടോറിക്ഷയില്‍ മറന്നുവെച്ച പണമടങ്ങിയ ബാഗ് തിരിച്ചേല്‍പ്പിച്ച് ഡ്രൈവര്‍ മാതൃകയായി.
അകത്തേത്തറ ശാസ്താനഗറിലെ മണിനായര്‍(57) ആണ് ഓട്ടോറിക്ഷയില്‍നിന്ന് ലഭിച്ച ബാഗ് തിരിച്ചേല്പിച്ച് സത്യസന്ധത തെളിയിച്ചത്. പുതുപ്പരിയാരം വെണ്ണക്കര ലക്ഷ്മി നിവാസില്‍ ലക്ഷ്മിക്കുട്ടിയമ്മ(74)യുടെ നഷ്ടപ്പെട്ട പണമാണ് തിരിച്ചുകിട്ടിയത്.
ചിട്ടി വിളിച്ചുകിട്ടിയ പതിനായിരം രൂപയടങ്ങിയ ബാഗുമായി ജില്ലാ ആശുപത്രിയില്‍ ഡോക്ടറെ കാണാനെത്തിയതായിരുന്നു ലക്ഷ്മിക്കുട്ടിയമ്മ. മടക്കത്തില്‍ ആശുപത്രി പരിസരത്തുനിന്ന് ഓട്ടോവിളിച്ച് മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തിറങ്ങി.
പിന്നീടാണ് ബാഗ് നഷ്ടപ്പെട്ടത് അറിയുന്നത്. സ്റ്റാന്‍ഡ് പരിസരത്ത് ഉണ്ടായിരുന്ന പൊലീസുകാരെ വിവരം ധരിപ്പിച്ചു.
ഇതിനിടെ ബാഗ് ശ്രദ്ധയില്‍പ്പെട്ട മണിനായര്‍ വൃദ്ധയെ ഇറക്കിയ സ്ഥലത്ത് തിരിച്ചെത്തി ബാഗ് തിരികെ നല്‍കി.
മണിനായരുടെ സത്യസന്ധതയ്ക്ക് ടൗണ്‍ നോര്‍ത്ത് ജനമൈത്രി പോലീസ് പാരിതോഷികം നല്‍കുമെന്ന് സി ഐ കെ എം ബിജു അറിയിച്ചു.