സെപ്റ്റംബര്‍ ഒന്ന് മുതല്‍ എല്‍ പി ജി സബ്‌സിഡി ബേങ്ക് വഴി

Posted on: August 21, 2013 12:26 am | Last updated: August 21, 2013 at 12:26 am
SHARE

പാലക്കാട്: പാചകവാതക ഉപഭോക്താക്കളുടെ സബ്‌സിഡി ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ വഴി നടപ്പാക്കുന്ന പദ്ധതി സെപ്റ്റംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
ഓരോ ഉപഭോക്താവിനും ഒരു സിലിണ്ടറിന് 435 രൂപ നിരക്കില്‍ സബ്‌സിഡി ആയി അക്കൗണ്ടില്‍ ലഭിക്കും. സബ്‌സിഡി ലഭിക്കണമെങ്കില്‍ ബേങ്ക് അക്കൗണ്ട് ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്യേണ്ടതുണ്ട്. അതിനാല്‍ പാചകവാതക ഉപഭോക്താക്കള്‍ എത്രയും വേഗം ബേങ്ക് അക്കൗണ്ടില്‍ ആധാര്‍ ലിങ്ക് ചെയ്യാനുളള സംവിധാനം ഏര്‍പ്പെടുത്തണം.
ആധാര്‍ ലിങ്ക് ചെയ്യാത്ത ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി ലഭിക്കുകയില്ല. ഓരോ സിലിണ്ടറിനും സബ്‌സിഡിയില്ലാതെ ഏകദേശം 950 മുതല്‍ 1000 രൂപ നല്‍കേണ്ടിവരും. ആധാര്‍ കാര്‍ഡ് ബേങ്കുമായി ലിങ്ക് ചെയ്യുന്നതിന് ഉപഭോക്താക്കളുടെ സൗകര്യാര്‍ഥം എല്ലാ എല്‍ പി ജി ഡീലര്‍മാരുടെ ഓഫീസിലും ഓരോ ബോക്‌സ് വെയ്ക്കും.
ഡീലര്‍മാരില്‍ നിന്നും പ്രിന്റ് ചെയ്ത അപേക്ഷാഫോറം വാങ്ങി ഉപഭോക്താവിന്റെ പേര്, കണ്‍സ്യൂമര്‍ നമ്പര്‍, ബേങ്ക് അക്കൗണ്ട് നമ്പര്‍ (സി ബി എസ്. പ്രകാരമുളള മുഴുവന്‍ നമ്പര്‍), ബേങ്കിന്റെ പേരും ഐ എഫ് എസ്. സി. കോഡും, മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തി ബോക്‌സില്‍ നിക്ഷേപിക്കണം. ബേങ്ക് അക്കൗണ്ടില്ലാത്ത ഉപഭോക്താക്കള്‍ അടുത്തുളള ഏതെങ്കിലും ബേങ്കില്‍ സീറോ അക്കൗണ്ട് തുടങ്ങണം. പോസ്റ്റ് ഓഫീസ് അക്കൗണ്ട് വഴി സബ്‌സിഡി ലഭിക്കുന്നതല്ല.
ആധാര്‍ കാര്‍ഡിന് അപേക്ഷിച്ചിട്ടും ലഭിക്കാത്തവര്‍ക്ക് uidai.gov.in എന്ന വെബ് സൈറ്റ് പരിശോധിച്ച് ആധാര്‍ കാര്‍ഡിന്റെ നമ്പര്‍ എടുക്കണം. 2012 ഏപ്രിലിന് മുമ്പ് അപേക്ഷിച്ചിട്ടും ആധാര്‍ ലഭിക്കാത്തവര്‍ വീണ്ടും അപേക്ഷിക്കണം.