കണ്ണൂര്‍- കക്കാട് റൂട്ടില്‍ ബസ് പണിമുടക്കി

Posted on: August 21, 2013 12:19 am | Last updated: August 21, 2013 at 12:19 am
SHARE

കണ്ണൂര്‍: ബസ് ചെളിതെറിപ്പിച്ചെന്നാരോപിച്ച് വഴിയാത്രക്കാരന്‍ ബസ് ഡ്രൈവറുടെ മേല്‍ ചെളി കലക്കിയൊഴിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ജില്ലാ ആശുപത്രി-കക്കാട് റൂട്ടിലെ സ്വകാര്യ ബസുകള്‍ പണിമുടക്കി.

കല്ലുകെട്ട് ചിറ-ജില്ലാ ആശുപത്രി റൂട്ടിലോടുന്ന സ്വകാര്യ ബസ് ഡ്രൈവര്‍ കല്ലുകെട്ട് ചിറയിലെ ചാലില്‍ പുതിയപുരയില്‍ റിജേഷിന്റെ മേല്‍ അത്താഴക്കുന്നിലെ മുരിക്കന്‍വീട്ടില്‍ രവീന്ദ്രന്‍ എന്നയാള്‍ ചെളി കോരി ഒഴിച്ചെന്നായിരുന്നു പരാതി.
നേരത്തെ ബസ് കടന്നുപോകുന്നതിനിടെ ഇയാളുടെ ശരീരത്തില്‍ ചെളിതെറിച്ചിരുന്നുവത്രെ. ഇതിനുപകരമെന്നോണം പാത്രത്തില്‍ ചെളികലക്കി കാത്തിരുന്ന രവീന്ദ്രന്‍ ബസ് തിരിച്ചുവരുമ്പോള്‍ തടഞ്ഞുനിര്‍ത്തി ഡ്രൈവറുടെ മേല്‍ ഒഴിക്കുകയായിരുന്നു.
ഇന്നലെയായിരുന്നു സംഭവം. പോലീസില്‍ പരാതി നല്‍കിയെങ്കിലും രവീന്ദ്രനെ ഇന്നലെ കണ്ടെത്താനായിരുന്നില്ല. പോലീസ് നിസംഗത കാട്ടുകയാണെന്ന് ആരോപിച്ച് ഇന്നുരാവിലെമുതലായിരുന്നു ബസുകള്‍ പണിമുടക്കിയത്. പിന്നീട് രവീന്ദ്രനെ ടൗണ്‍ പോലീസ് അറസ്റ്റുചെയ്തതിനെ തുടര്‍ന്ന് ഉച്ചയ്ക്കു പന്ത്രണ്ടോടെ ചില ബസുകള്‍ സര്‍വീസ് ആരംഭിച്ചു.