രണ്ട് വാഹനാപകടങ്ങളിലായി 17 പേര്‍ക്ക് പരുക്കേറ്റു

Posted on: August 21, 2013 12:18 am | Last updated: August 21, 2013 at 12:18 am
SHARE

ഗൂഡല്ലൂര്‍: ഊട്ടി-മസിനഗുഡി പാതയിലെ കല്ലട്ടി ചുരത്തില്‍ രണ്ട് സ്ഥലങ്ങളിലായി ഉണ്ടായ വാഹനാപകടങ്ങളില്‍ സഞ്ചാരികളായ 17 പേര്‍ക്ക് പരുക്കേറ്റു. ഊട്ടിയില്‍ നിന്ന് കല്ലട്ടി വഴി ബാംഗ്ലൂരിലേക്ക് പോകുകയായിരുന്ന ടെമ്പോ ട്രാവലര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേര്‍ക്ക് പരുക്കേറ്റു. ഡ്രൈവര്‍ മുനിയപ്പന്‍, ടൂറിസ്റ്റ് ഗൈഡ് ശെന്തില്‍കുമാര്‍, ദുബൈ സ്വദേശികളായ അബ്ദുള്ള, സുല്‍ത്താനുല്‍ ഹഖ്, മറിയം ബീവി, ഹബീബാ ജാസ്മിന്‍ തുടങ്ങിയ പതിനാല് പേര്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ ഗുരുതരമായി പരുക്കേറ്റ മുനിയപ്പന്‍, ശെന്തില്‍കുമാര്‍ എന്നിവരെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ ഊട്ടി ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കല്ലട്ടി ചുരത്തിലെ മുപ്പത്തി മൂന്നാം വളവിലാണ് അപകടം. ഊട്ടി സന്ദര്‍ശിക്കാനെത്തിയ അറബികളായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. അത്‌പോലെ കല്ലട്ടി ചുരത്തിലെ മുപ്പത്തിയഞ്ചാം വളവില്‍ കാര്‍ നിയന്ത്രണം വിട്ട് മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ഊട്ടിയില്‍ നിന്ന് മൈസൂരിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റുകള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. നിസ്സാര പരുക്കേറ്റ ഇവരെ ഊട്ടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.