തെലങ്കാന, സീമാന്ധ്ര നേതാക്കള്‍ ഡല്‍ഹിയില്‍

Posted on: August 21, 2013 12:00 am | Last updated: August 21, 2013 at 12:14 am
SHARE

ഹൈദരാബാദ്: തെലങ്കാന, സീമാന്ധ്ര മേഖലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയില്‍. തെലങ്കാന മന്ത്രിമാരും എം എല്‍ എമാരും മറ്റും ആന്റണി കമ്മിറ്റിയുമായി തിങ്കളാഴ്ച ചര്‍ച്ച നടത്തി. സീമാന്ധ്ര നേതാക്കള്‍ ഇന്നലെയും ആന്റണി കമ്മിറ്റിയെ കണ്ടു. മുഖ്യമന്ത്രി എന്‍ കിരണ്‍കുമാര്‍ റെഡ്ഢി ഇന്നലെ രാവിലെ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലെത്തിയിരുന്നു. കഴിഞ്ഞ 30 ന് തെലങ്കാന രൂപവത്കരിച്ച പ്രഖ്യാപനം വന്ന ശേഷം ആദ്യമായാണ് മുഖ്യമന്ത്രി ഡല്‍ഹിയിലെത്തുന്നത്.
സമിതിയുടെ അധ്യക്ഷനായ എ കെ ആന്റണിയെ പ്രത്യേകമായി സന്ദര്‍ശിച്ച് സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം അറിയിക്കുകയാണ് ലക്ഷ്യം. തെലങ്കാന രൂപവത്കരിച്ചതില്‍ കോണ്‍ഗ്രസില്‍ കടുത്ത ഭിന്നതയുണ്ട്. സീമാന്ധ്ര മേഖലയിലാണ് പ്രതിഷേധമേറെയും. പ്രശ്‌നം രമ്യമായി പരിഹരിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് പാര്‍ട്ടിക്ക് വലിയ ദോഷം ചെയ്യുമെന്ന സന്ദേശമാണ് കിരണ്‍ റെഡ്ഢി നല്‍കുക. ഇതിനായി എ ഐ സി സി നേതാക്കളെയും അദ്ദേഹം കാണുന്നുണ്ട്. തെലങ്കാനയില്‍ നിന്നുള്ള മന്ത്രിമാര്‍ കഴിഞ്ഞ ദിവസം ആന്റണി സമിതിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഉപമുഖ്യമന്ത്രി ദാമോദര്‍ രാജാ നരസിംഹ, കെ ജന റെഡ്ഢി, എന്‍ ഉത്തം കുമാര്‍ റെഡ്ഢി, ബി സരയ്യ, തെലങ്കാനയില്‍ നിന്നുള്ള എം എല്‍ എമാര്‍ എന്നിവരാണ് സമിതിയെ കണ്ടത്.
ഹൈദരാബാദിനെ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കാതിരിക്കാന്‍ നടപടി വേണമെന്നാണ് തെലങ്കാനയില്‍ നിന്നുള്ള ജനപ്രതിനിധികളുടെ ആവശ്യം. ഇക്കാര്യത്തില്‍ വേഗത്തില്‍ തീരുമാനം വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.