പാര്‍ത്തീനിയം വിഷച്ചെടി കേരളത്തിലും വേരുറപ്പിക്കുന്നതായി മുന്നറിയിപ്പ്

Posted on: August 21, 2013 12:07 am | Last updated: August 21, 2013 at 12:07 am
SHARE

TCR GL PARTHANEEYAMതൃശൂര്‍: അലര്‍ജിയും ശ്വാസംമുട്ടലും ഉണ്ടാക്കുന്ന ചെടിയായ, വിദേശിയായപാര്‍ത്തീനിയം കേരളത്തിലും വേരുറപ്പിക്കാന്‍ ശ്രമിക്കുന്നതായി മുന്നറിയിപ്പ്. പൊതുവെ റെയില്‍വേ സ്റ്റേഷനുകളുടെയും ബസ് സ്റ്റാന്‍ഡുകളുടെയും പരിസരങ്ങളില്‍ മാത്രമാണ് ഈ കള കണ്ടുവരുന്നതെങ്കിലും ഇത് കൂടുതല്‍ സ്ഥലങ്ങളിലേക്ക് പകരാതെ ശ്രദ്ധിക്കുകയും കാണുന്നവ നശിപ്പിക്കുകയും ചെയ്യണമെന്ന് കേരള കാര്‍ഷിക സര്‍വകലാശാലാ കളനിയന്ത്രണ സെല്‍ വ്യക്തമാക്കിയിട്ടുണ്ട്.
ആഗസ്റ്റ് 16 മുതല്‍22 വരെദേശീയതലത്തില്‍ പാര്‍ത്തീനിയം ബോധന വാരമായി ആചരിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി കേരളത്തില്‍ ഈ കളയെ പ്പറ്റി അവബോധം വളര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കണമെന്ന് കളനിയന്ത്രണ പദ്ധതി ഗവേഷകന്‍ ഡോ. സി ടി എബ്രഹാം പറഞ്ഞു. ചെടിയില്‍ അടങ്ങിയിരിക്കുന്ന പാര്‍ത്തെനിന്‍ എന്ന വിഷവസ്തുവാണ് അലര്‍ജിയും ശ്വാസംമുട്ടലും ഉണ്ടാക്കുന്നതിന് കാരണമാക്കുന്നത്. കോണ്‍ഗ്രസ് പച്ച, വെള്ളത്തൊപ്പി, ക്യാരറ്റു കള തുടങ്ങിയ പേരുകളില്‍ പ്രാദേശികമായി അറിയപ്പെടുന്ന ഈ ചെടിയുടെ സാന്നിധ്യം അലര്‍ജിയുള്ളവരുടെ ദേഹത്ത് ചൊറിച്ചിലും തടിപ്പും ഉണ്ടാക്കും. ശ്വാസനാള സംബന്ധമായ അസ്വസ്ഥതകളുള്ളവര്‍ക്ക് പാര്‍ത്തീനിയത്തിന്റെ പൂമ്പൊടിയുള്ള വായു ശ്വസിക്കുന്നത് തുടര്‍ച്ചയായ തുമ്മല്‍, മൂക്കടപ്പ്, കണ്ണില്‍ നിന്ന് വെള്ളംവരിക എന്നീ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം.
തെക്കേഅമേരിക്കയില്‍ ജന്മമെടുത്ത പാര്‍ത്തീനിയം ഇന്ത്യയിലാദ്യമായി കണ്ടെത്തിയത് 1955ല്‍ പൂനയിലാണ്. ഇറക്കുമതി ചെയ്ത ഗോതമ്പ് ചാക്കുകളിലൂടെയാണ് ഇത് ഇന്ത്യയിലെത്തിയതെന്ന് കരുതപ്പെടുന്നു. കേരളത്തില്‍ പാര്‍ത്തീനിയം വ്യാപകമല്ലെങ്കിലും അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഇതു പരക്കേ കണ്ടുതുടങ്ങിയിട്ടുണ്ട്. തമിഴ്‌നാടിനോട് ചേര്‍ന്ന പാറശ്ശാല, പാലക്കാട്, ഇടുക്കി ജില്ലകളിലും കര്‍ണാടകയോടടുത്തുകിടക്കുന്ന വയനാടന്‍ ഗ്രാമപ്രദേശങ്ങളിലും പാര്‍ത്തീനിയം വ്യാപകമായി കണ്ടുതുടങ്ങിയിട്ടുണ്ടെന്നത് കേരളത്തിനും ഭീഷണിയുയര്‍ത്തുന്നു. കേരളത്തിലെ കാലാവസ്ഥ, പ്രത്യേകിച്ചും മഴക്കാലം പാര്‍ത്തീനിയത്തിനനുകൂലമല്ല. അതുകൊണ്ട് ഒരിക്കല്‍ നശിപ്പിച്ചാല്‍ വീണ്ടും വളരാനുള്ള സാധ്യതയില്ല. കൃഷിസ്ഥലങ്ങളില്‍ കാണുന്നവയെ കിളച്ചുമാറ്റുകയോ കൈകൊണ്ട് പറിച്ചുകളയുകയോ ചെയ്യാം. പറിച്ചുകളയുമ്പോള്‍ കൈയുറ ഉപയോഗിക്കുന്നതാണ് സുരക്ഷിതം. 2.4 ഡി, ഗ്ലൈഫോസേറ്റ്, മെട്രിബുസീല്‍ തുടങ്ങിയ കളനാശിനികള്‍ ഈചെടിയെ നശിപ്പിക്കാന്‍ പറ്റിയതാണ്. 1015% ഉപ്പുലായനി തളിക്കുന്നതും പാര്‍ത്തീനിയത്തെ ഉണക്കാന്‍ ഫലപ്രദമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here