ഇസ്‌റാഈല്‍ – ഫലസ്തീന്‍ രണ്ടാം ഘട്ട സമാധാന ചര്‍ച്ച ഉടന്‍

Posted on: August 21, 2013 6:00 am | Last updated: August 20, 2013 at 11:32 pm
SHARE

palastineജറൂസലം: ഇസ്‌റാഈലിന്റെയും ഫലസ്തീനിന്റെയും മധ്യസ്ഥര്‍ രണ്ടാം ഘട്ട സമാധാന ചര്‍ച്ച നടത്തുമെന്ന് മുതിര്‍ന്ന ഫലസ്തീന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ച ജറൂസലമില്‍വെച്ചാണ് രഹസ്യമായി ഒന്നാം ഘട്ട ചര്‍ച്ച നടന്നത്. എന്നാല്‍ രണ്ടാം ഘട്ട ചര്‍ച്ച എവിടെ വെച്ച് നടക്കുമെന്ന് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയില്ല. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെക്കില്ലെന്ന് ഇരു രാജ്യങ്ങളും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിക്ക് ഉറപ്പ് കൊടുത്ത സാഹചര്യത്തില്‍ പേരുവെളിപ്പെടുത്താനും ഉദ്യോഗസ്ഥന്‍ തയ്യാറായില്ല.
രണ്ടാം ഘട്ടം എപ്പോള്‍ എവിടെ വെച്ച് നടക്കുമെന്ന് വെളിപ്പെടുത്താന്‍ മുതിര്‍ന്ന ഇസ്‌റാഈല്‍ മധ്യസ്ഥന്‍ ടിസ്പി ലിവിന്നിയും വിസമ്മതിച്ചതായി ഇസ്‌റാഈല്‍ റേഡിയോ റിപ്പോര്‍ട്ട് ചെയ്തു. ഇരു രാജ്യങ്ങള്‍ക്കിടയിലും വിശ്വാസ്യത നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് ചര്‍ച്ചയില്‍നിന്നും മാധ്യമങ്ങളെ ഒഴിവാക്കുന്നതെന്ന് ലിവിനി പറഞ്ഞു. മുടങ്ങിക്കിടന്ന സമാധാന ചര്‍ച്ചകള്‍ കെറിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് പുനരാരംഭിച്ചത്.