Connect with us

National

കല്‍ക്കരിയില്‍ മുങ്ങി ഭക്ഷ്യ സുരക്ഷ

Published

|

Last Updated

ന്യൂഡല്‍ഹി: യു പി എ സര്‍ക്കാറിന്റെ സുപ്രധാന പദ്ധതിയായ ഭക്ഷ്യ സുരക്ഷാ ബില്‍ പാസ്സാക്കാനിരിക്കെ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാര്‍ലിമെന്റ് തടസ്സപ്പെട്ടു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനമായ ഇന്നലെ ഭക്ഷ്യ സുരക്ഷാ ബില്‍ അവതരിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം ബഹളത്തില്‍ മുങ്ങുകയായിരുന്നു. കല്‍ക്കരി പാടങ്ങള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട രേഖകള്‍ കാണാതായ വിഷയത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ ബഹളം തുടര്‍ന്നതോടെ പാര്‍ലിമെന്റിന്റെ ഇരു സഭകളും ഇന്നത്തേക്ക് പിരിഞ്ഞു. കല്‍ക്കരിപ്പാടം അഴിമതി കേസില്‍ കാണാതായ ഫയലുകള്‍ കണ്ടെത്താന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്നും രേഖകള്‍ സി ബി ഐക്ക് കൈമാറുമെന്നും കല്‍ക്കരി മന്ത്രി ശ്രീപ്രകാശ് ജെയ്‌സ്വാള്‍ രാജ്യസഭയെ അറിയിച്ചു. ഫയലുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ എന്ത് ശിക്ഷ സ്വീകരിക്കാനും തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.
2004ന് മുമ്പുള്ള ഫയലുകളാണ് നഷ്ടമായതെന്നും ഇവ കണ്ടെത്തുന്നതിനായി അഡീഷനല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ മന്ത്രിതല സമിതി രൂപവത്കരിക്കുമെന്നും ശ്രീപ്രകാശ് ജെയ്‌സ്വാള്‍ അറിയിച്ചു. 2004ന് മുമ്പുള്ള ഫയലുകള്‍ നഷ്ടമായാല്‍ ഗുണം ലഭിക്കുക ആര്‍ക്കാണെന്നും അദ്ദേഹം സഭയില്‍ ചോദിച്ചു.
പ്രധാനമന്ത്രി തന്നെ വിഷയത്തില്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് ബി ജെ പി ബഹളം തുടര്‍ന്നത് കാരണം മൂന്ന് തവണ രാജ്യസഭ നിര്‍ത്തിവെച്ചു. വിഷയത്തില്‍ മന്ത്രി സ്വയം പ്രതിരോധിക്കാനാണ് ശ്രമിക്കുന്നതെന്ന് രാജ്യസഭയിലെ പ്രതിപക്ഷ ഉപ നേതാവ് രവിശങ്കര്‍ പ്രസാദ് കുറ്റപ്പെടുത്തി. ബി ജെ പിയെ പിന്തുണച്ച് സി പി എമ്മും രംഗത്തെത്തി. ഫയലുകള്‍ എങ്ങനെയാണ് നഷ്ടപ്പെട്ടതെന്ന് സഭ അറിയണമെന്ന് സി പി എം നേതാവ് സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവായ സുഷമാ സ്വരാജാണ് വിഷയം ഉന്നയിച്ചത്. ഫയലുകള്‍ കാണാതായത് സി ബി ഐ അന്വേഷണത്തിന് തടസ്സമുണ്ടാക്കില്ലെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest