ഏറ്റവും താഴ്ന്ന ജീവിത നിലവാരം മുസ്‌ലിംകളുടേതെന്ന് സര്‍വേ

Posted on: August 20, 2013 10:03 pm | Last updated: August 21, 2013 at 11:12 am
SHARE

An_Indian_Muslim_old_man

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ഏറ്റവും താഴ്ന്ന ജീവിത നിലവാരം മുസ്‌ലിംകളുടേതെന്ന് സര്‍ക്കാര്‍ സര്‍വേ. മുസ്‌ലിം കുടംബാംഗം പ്രതിദിനം ശരാശരി 32.66 രൂപ മാത്രമേ ചെലവാക്കുന്നുള്ളൂവെന്ന് സര്‍വേയില്‍ ചൂണ്ടിക്കാട്ടുന്നു. ഏറ്റവും ഉയര്‍ന്ന ജീവിത നിലവാരം സിഖ് സമൂഹത്തിലാണ്. പ്രതിദിനം ശരാശരി 55.30 രൂപയാണ് സിഖ് സമൂഹത്തിലുള്ളവര്‍ ചെലവിടുന്നത്. ഹിന്ദു വിഭാഗത്തില്‍ ഇത് 37.50 ഉം ക്രിസ്ത്യന്‍ വിഭാഗത്തില്‍ 51.43ഉം ആണിത്.
2009- 10 വര്‍ഷത്തിലെ കണക്കുകള്‍ പ്രകാരം അഖിലേന്ത്യാ തലത്തില്‍ മാസത്തിലെ ശരാശരി ആളോഹരി ഉപഭോഗ ചെലവ് (എം പി സി ഇ) സിഖ് കുടുംബത്തില്‍ 1,659 രൂപയാണ്. മുസ്‌ലിംകളില്‍ 980 രൂപയാണ്. ഹിന്ദു, ക്രിസ്ത്യന്‍ കുടുംബത്തില്‍ ഇത് യഥാക്രമം 1,125ഉം 1,543ഉം ആണ്. ‘തൊഴിലും തൊഴിലില്ലായ്മാ അവസ്ഥയും ഇന്ത്യയിലെ വിവിധ പ്രധാന മത വിഭാഗങ്ങളില്‍’ എന്ന വിഷയത്തില്‍ നാഷനല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍ (എന്‍ എസ് എസ് ഒ) നടത്തിയ സര്‍വേ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.
വരുമാനത്തെയും കുടുംബത്തിന്റെ ജീവിത നിലവാരത്തെയുമാണ് കുടുംബങ്ങളിലെ മാസത്തിലെ ശരാശരി ആളോഹരി ഉപഭോഗ ചെലവ് പ്രതിനിധാനം ചെയ്യുന്നത്. അഖിലേന്ത്യാ തലത്തില്‍ ശരാശരി പ്രതിമാസ ഉപഭോഗം ഗ്രാമങ്ങളില്‍ 901 രൂപയും നഗരങ്ങളില്‍ 1,773 രൂപയും ആണെന്ന് സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 1,128 രൂപയാണ് ശരാശി.
ഗ്രാമ പ്രദേശങ്ങളില്‍ മുസ്‌ലിം വിഭാഗത്തിന്റെ ശരാശരി എം പി സി ഇ 833 രൂപയാണ്. ഹിന്ദു വിഭാഗത്തില്‍ ഇത് 888ഉം ക്രിസ്ത്യന്‍, സിഖ് വിഭാഗങ്ങളില്‍ ഇത് യഥാക്രമം 1,296 രൂപയും 1,498 രൂപയുമാണ്. നഗര മേഖലയിലും മുസ്‌ലിംകളുടെ ജീവിത നിലവാരം താഴെയാണ്. വിദ്യാഭ്യാസത്തിലും തൊഴിലിലും മുസ്‌ലിം പ്രാതിനിധ്യം പരിതാപകരമാണെന്ന് ജസ്റ്റിസ് സച്ചാര്‍ കമ്മിറ്റി ചൂണ്ടിക്കാട്ടിയിരുന്നു. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയതിന്റെ പുരോഗതി വിലയിരുത്താനും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കുമെന്ന് ന്യൂനപക്ഷകാര്യ മന്ത്രി കെ റഹ്മാന്‍ ഖാന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
കമ്മിറ്റി അതിന്റെ റിപ്പോര്‍ട്ട് മൂന്ന് മാസത്തനകം സമര്‍പ്പിക്കും. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ സാമ്പത്തിക ശാസ്ത്ര അധ്യാപകനായ പ്രൊഫസര്‍ അമിതാഭ് കുണ്ടുവിന്റെ അധ്യക്ഷതയിലായിരിക്കും കമ്മിറ്റി. വിവിധ മേഖലയിലെ വിദഗ്ധരും സാമ്പത്തിക രംഗത്തെ പ്രമുഖരും കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കും. എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ഫറാ നഖ്‌വിയും കമ്മിറ്റിയില്‍ അംഗമാകാന്‍ സാധ്യതയുണ്ട്.