Connect with us

Gulf

കലാസപര്യയുടെ പുതിയ വഴിത്താരകള്‍ താണ്ടി മൊയ്തീന്‍ കോയ

Published

|

Last Updated

അബുദാബി: കലാസപര്യയുടെ പുതിയ വഴിത്താരകള്‍ താണ്ടുകയാണ് യു എ ഇ സാംസ്‌കാരിക മേഖലയില്‍ സജീവ സാന്നിധ്യമായ കെ കെ മൊയ്തീന്‍ കോയ.

മാധ്യമപ്രവര്‍ത്തകന്‍, റേഡിയോ-ടെലിവിഷന്‍ അവതാരകന്‍, പ്രാസംഗികന്‍, എഴുത്തുകാരന്‍ എന്നിങ്ങനെ വിവിധ കര്‍മപഥങ്ങളിലൂടെ യു എ ഇ മലയാളികള്‍ക്ക് സുപരിചിതനായ മൊയ്തീന്‍ കോയ സിനിമാ അഭിനയത്തിലും മുന്നേറുന്നു.
പി ടി കുഞ്ഞിമുഹമ്മദ് സംവിധാനം ചെയ്ത, ഗള്‍ഫ് മലയാളിയുടെ കഥ പറഞ്ഞ, ഗര്‍ഷോമിലാണ് അഭിനയം തുടങ്ങിയത്. പിന്നീട്, ഗദ്ദാമ, മുസാഫിര്‍, ഡയമണ്ട് നെക്ലസ്, അറബിക്കഥ തുടങ്ങി ഗള്‍ഫ് പശ്ചാത്തലത്തിലുള്ള സിനിമകളില്‍ അഭിനയം തുടര്‍ന്നു. ഗള്‍ഫ് അനുഭവങ്ങള്‍ ഉള്‍ക്കൊള്ളുന്ന സിനിമയാണെങ്കില്‍ മൊയ്തീന്‍ കോയ അനിവാര്യതയായി. കാരണം, സംവിധായകര്‍ക്കും തിരക്കഥാകൃത്തുക്കള്‍ക്കും ആവശ്യമായ മാര്‍ഗനിര്‍ദേശം മൊയ്തീന്‍ കോയക്കു നല്‍കാന്‍ കഴിയും.
ഗദ്ദാമയിലെ ഗ്രോസറിക്കാരന്‍, അറബിക്കഥയിലെ എഴുത്തുകാരന്‍ എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ട വേഷങ്ങളാണ്. പണിപ്പുരയിലുള്ള നിരവധി ചിത്രങ്ങളില്‍ മൊയ്തീന്‍ കോയക്കു വേഷമുണ്ട്. ബണ്ടിചോര്‍, 48 ഹവേഴ്‌സ് സാന്താക്ലോസ്, ഐആം 21 ഇയേഴ്‌സ്, മംഗ്ലീഷ് എന്നീ ചിത്രങ്ങളാണവ. യു എ ഇ എക്‌സ്‌ചേഞ്ചില്‍ മീഡിയാ മാനേജര്‍ പദവിയിലിരിക്കുമ്പോള്‍, കലാപ്രവര്‍ത്തനത്തിന് സമയം കണ്ടെത്താന്‍ കോയ ശ്രമിക്കുന്നു. “ആത്മാവിഷ്‌കാരത്തിന്റെ ഭാഗമാണ് സിനിമാ അഭിനയം” എന്ന് കോയ പറയുന്നു.
മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനും കരുത്തുറ്റ ഫഹദ് ഫാസിലിനുമൊപ്പം “റെഡ്‌വൈനി”ല്‍ മികച്ച വേഷം ലഭിച്ചത് വഴിത്തിരിവായി. കോഴിക്കോട് മനോരമയില്‍ ജോലി ചെയ്യുമ്പോള്‍ ഗാന്ധാരി എന്ന ചിത്രത്തില്‍ ഒന്ന് തലകാണിച്ചതില്‍ നിന്നാണ് മികച്ച ഒരു റോളിലെത്തുന്നത്. വരാനിരിക്കുന്ന ചിത്രങ്ങളില്‍ “48 മണിക്കൂറില്‍” കോയ സാഹിബ് എന്ന കഥാപാത്രം മികച്ചതാണ്. ഇ സതീഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും മികച്ച വേഷമുണ്ട്-മൊയ്തീന്‍ കോയ പറഞ്ഞു.