Connect with us

Gulf

12 വയസിന് താഴെയുള്ള കുട്ടികള്‍ സഞ്ചരിക്കുന്ന സ്വകാര്യ വാഹനത്തിലും പുകവലി നിരോധിക്കുന്നു

Published

|

Last Updated

ദുബൈ: 12 വയസിന് താഴെയുള്ള കുട്ടികള്‍ സഞ്ചരിക്കുന്ന സ്വകാര്യ വാഹനങ്ങളിലും പുകവലി നിരോധിക്കാന്‍ അധികൃതര്‍ ഒരുങ്ങുന്നു. ദുബൈ ഭരണകൂടം തയ്യാറാക്കിക്കൊണ്ടിരിക്കുന്ന പുകവലി വിരുദ്ധ നിയമത്തിലാണ് ഇക്കാര്യം ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. കുട്ടികളെ പുകവലിയുടെ ദുഷ്യത്തില്‍ നിന്നും രക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്തരം ഒരു നിബന്ധനകൂടി ഉള്‍ക്കൊള്ളിച്ച് അധികൃതര്‍ നിയമം തയ്യാറാക്കുന്നത്.

ഫെഡറല്‍ സര്‍ക്കാരിന്റെ പുകവലി വിരുദ്ധ നയത്തിന്റെയും നിയമത്തിന്റെയും ചുവട് പിടിച്ചാണ് ദുബൈ ആരോഗ്യ മന്ത്രാലയം ഇത്തരം ഒരു നീക്കത്തിന് തയ്യാറായിരിക്കുന്നത്. കഴിഞ്ഞ ജൂലൈ 21 ആയിരുന്നു ഫെഡറല്‍ സര്‍ക്കാര്‍ പുതിയ പുകവലി വിരുദ്ധ നിയമം നടപ്പാക്കിയത്. അടുത്ത ആറു മാസത്തിനകം കര്‍ശനമായി നിയമം നടപ്പാക്കാന്‍ ലക്ഷ്യമാട്ടായിരുന്നു ഫെഡറല്‍ സര്‍ക്കാര്‍ നീക്കം. യുവാക്കള്‍ക്കിടയില്‍ പുകവലി കുറച്ചുകൊണ്ടുവരികയെന്ന ലക്ഷ്യവും ഇതിനുണ്ട്.
അബുദാബി സര്‍ക്കാര്‍ നടത്തിയ സര്‍വേയില്‍ 15 വയസിന് താഴെയുള്ള കുട്ടികളില്‍ 28 ശതമാനവും പുകവലിക്ക് അടിപ്പെട്ടതായി കണ്ടെത്തിയിരുന്നു. ഇതും ഇത്തരം ഒരു നിയമം നിര്‍മിക്കാന്‍ അധികൃതരെ പ്രേരിപ്പിച്ച ഘടകമാണ്. 18 വയസുള്ള യുവജനങ്ങളില്‍ 30 ശതമാനത്തോളവും പുകവലിക്ക് അടിപ്പെട്ടതായും സര്‍വേ വെളിപ്പെടുത്തിയിരുന്നു.
നിയമം നടപ്പാകുന്നതോടെ സിഗരറ്റ് ഉള്‍പ്പെടെയുള്ള പുകയില ഉല്‍പ്പന്നങ്ങളെക്കുറിച്ച് ഏതെങ്കിലും രീതിയിലുള്ള പരസ്യം ദൃശ്യമാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവയില്‍ പ്രചരിപ്പിക്കുന്നതും നിയമം നിരോധിക്കുന്നു. യു എ ഇ സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ക്ക് അനുസൃതമല്ലാത്ത പുകയില ഉല്‍പ്പന്നങ്ങള്‍ നിയമം നടപ്പാവുന്നതോടെ രാജ്യത്തേക്ക് എത്തുന്നത് തടയും. ഈ നിയമം ലംഘിക്കുന്നവര്‍ക്കെതിരായി ഒരു വര്‍ഷം തടവും ഒരു ലക്ഷം ദിര്‍ഹം മുതല്‍ ഒരു കോടി ദിര്‍ഹം വരെ പിഴയും നിയമലംഘനത്തിന്റെ ഗൗരവം അനുസരിച്ച് ലഭിക്കുന്ന കുറ്റമായി മാറും.
നിയമ പ്രകാരം പൊതിഞ്ഞു വിപണിയില്‍ എത്തിക്കുന്ന ഉല്‍പ്പന്നങ്ങളില്‍ മതിയായ രീതിയില്‍ പുകവലിയുടെ ദൂഷ്യം വ്യക്തമാക്കുന്ന ചിത്രവും ഉള്‍ക്കൊള്ളിച്ചിരിക്കണം. നിലവില്‍ എല്ലാ പുകയില ഉല്‍പ്പന്നങ്ങളിലും അധികൃതരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വലിയ താക്കീത് ലേബല്‍ പതിച്ചാണ് രാജ്യത്ത് വില്‍പ്പനക്ക് എത്തുന്നത്. കുട്ടികള്‍ക്കുള്ള വസ്തുക്കള്‍ വില്‍ക്കുന്ന റാക്കുകള്‍ക്ക് സമീപം പുതിയ നിയമം വരുന്നതോടെ പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനക്ക് വെക്കുന്നത് പിഴ ഉള്‍പ്പെടെയുള്ള ശിക്ഷ ലഭിക്കാവുന്ന കുറ്റമായി മാറും. കായിക മത്സരങ്ങളുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍ക്കും ആരോഗ്യം, ഭക്ഷ്യവസ്തുക്കള്‍, ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയുടെ സമീപത്തും സിഗരറ്റ് ഉള്‍പ്പെടെയുള്ള പുകയില ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്നും നിയമം അനുശാസിക്കുന്നു. ആരാധനാലയങ്ങളുടെ 100 മീറ്റര്‍ ചുറ്റളവിലും കിംന്റെര്‍ഗാര്‍ഡണുകള്‍, വിദ്യാലയം, കോളജ്, യൂണിവേഴ്‌സിറ്റി എന്നിവയുടെ 15 മീറ്റര്‍ ചുറ്റളവിലും സിഗരറ്റ് ഉള്‍പ്പെടെയുള്ള പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്താന്‍ പാടില്ല.
ശീഷ കടകള്‍ താമസ സ്ഥലങ്ങളില്‍ നിന്നും 150 മീറ്റര്‍
ദൂരെയായിരിക്കണമെന്നും പുതിയ നിയമം നിഷ്‌കര്‍ഷിക്കുന്നു. രാവിലെ 10 മുതല്‍ രാത്രി 12 മണി വരെ മാത്രമേ ശീഷ കടകള്‍ പ്രവര്‍ത്തിക്കാവൂവെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു. 18 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് ശീഷ നല്‍കിയാല്‍ ശിക്ഷ ഉറപ്പാക്കാനും പുതിയ നിയമത്തില്‍ വ്യവസ്ഥയുണ്ട്. അപാര്‍ട്ട്‌മെന്റുകളില്‍ ശീഷ എത്തിച്ചു നല്‍കുന്നതും നിയമം വിലക്കുന്നു. വാണിജ്യാവശ്യങ്ങള്‍ക്കായി കൂടിയ തോതില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുകയോ വളര്‍ത്തുകയോ ചെയ്യുന്നതും കുറ്റകരമായിരിക്കും. നിലവിലെ പുകയില ഉല്‍പ്പന്ന പ്ലാന്റുകള്‍ക്ക് ഉല്‍പ്പാദനം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനം നിര്‍ത്താന്‍ 10 വര്‍ഷത്തെ സാവകാശവും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. പുകയില കൃഷി ചെയ്യുന്ന തോട്ടങ്ങള്‍ക്ക് രണ്ടു വര്‍ഷത്തെ സാവകാശമാണ് അധികൃതര്‍ നല്‍കുക. നിയമം പ്രാബല്യത്തിലായാല്‍ പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ കാര്യമായ കുറവുണ്ടാവുമെന്നാണ് ആരോഗ്യ മന്ത്രാലയം കണക്കുകൂട്ടുന്നത്.

 

 

Latest