പരിമിതികളില്‍ വീര്‍പ്പുമുട്ടി ജില്ലാ ആസ്ഥാനത്തെ സര്‍ക്കാര്‍ ആതുരാലയം

Posted on: August 20, 2013 12:06 pm | Last updated: August 20, 2013 at 12:06 pm
SHARE

മലപ്പുറം: രോഗികള്‍ക്കനുസരിച്ച് ഡോക്ടര്‍മാരില്ല, മലപ്പുറം താലൂക്ക് ആശുപത്രി പരിമിതികളില്‍ വീര്‍പ്പ് മുട്ടുന്നു. ഇതോടെ ചികിത്സക്കെത്തുന്നവരും ആശുപത്രി ജീവനക്കാരും തമ്മിലുള്ള തര്‍ക്കം പതിവായിരിക്കുകയാണ്. ആകെ പത്ത് ഡോക്ടര്‍മാരാണ് ആശുപത്രിയിലെ ക്യാഷ്വാലിറ്റിയിലും ഒ പി ബ്ലോക്കിലുമായുള്ളത്.

ഇവരില്‍ രണ്ട് പേര്‍ രാത്രി ജോലിക്ക് നിയോഗിക്കുന്നവരായതിനാല്‍ അടുത്ത ദിവസം പകല്‍ സമയത്ത് ഏഴ് പേര്‍ മാത്രമാണുണ്ടാവുക. കൂടാതെ ലീവെടുക്കുക കൂടി ചെയ്യുന്നതോടെ ഡോക്ടര്‍മാരുടെ എണ്ണം വീണ്ടും കുറയും. ഇന്നലെ രണ്ട് ഡോക്ടര്‍മാരാണ് അവധിയിലുണ്ടായിരുന്നത്.
ഇതോടെ ആശുപത്രിയിലെത്തിയ ആയിരത്തോളം രോഗികളെ പരിശോധിക്കാന്‍ ആറ് ഡോക്ടര്‍മാരാണുണ്ടായിരുന്നത്. രാവിലെ വാര്‍ഡുകളില്‍ പരിശോധന നടത്തിയ ശേഷമാണ് ഇവര്‍ ഒ പിയിലെത്തുന്നത്. 115 കട്ടിലുകളാണ് ആശുപത്രിയിലുള്ളത്. ഇതെല്ലാം നിറഞ്ഞതോടെ രോഗികള്‍ വരാന്തകളിലാണ് കിടക്കുന്നത്. ഇത്രയും രോഗികളെ പരിശോധിച്ചെത്തുമ്പോഴേക്ക് ഏറെ സമയമെടുക്കുന്നതിനാല്‍ ഒ പിയിലെത്തുന്ന രോഗികള്‍ അക്ഷമരായി ഡോക്ടര്‍മാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും നേരെ തിരിയുന്നത് പതിവായിട്ടുണ്ട്.
ഇന്നലെ വരിയില്‍ കാത്തിരുന്ന രോഗികളിലൊരാള്‍ തളര്‍ന്ന് വീണിട്ടും ഡോക്ടറെത്തിയിലെന്ന് ആരോപിച്ച് ഏറെ നേരം ആശുപത്രിയിലും രോഗികള്‍ ബഹളം വെച്ചു. ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതിനാല്‍ രാവിലെയെത്തുന്ന രോഗികള്‍ക്ക് ഉച്ചയോടെ മാത്രമേ മടങ്ങാനാകുന്നുള്ളൂ. ഒ പിക്ക് മുന്നിലും ഫാര്‍മസിക്കും മുന്നിലും നീണ്ട നിരയാണ് എല്ലാദിവസവും പ്രത്യക്ഷപ്പെടുന്നത്. കൂടുതല്‍ ഡോക്ടര്‍മാരുടെ തസ്തിക സ്ഥാപിച്ചാല്‍ മാത്രമേ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുകയുള്ളുവെന്ന് ആശുപത്രി സൂപ്രണ്ട് ടി വി ശശിധരന്‍ പറഞ്ഞു.
പനിയടക്കമുള്ള രോഗങ്ങള്‍ ബാധിച്ചെത്തുന്നവരെ കൂടാതെ പ്രസവ കേസുകളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. ഗൈനക്കോളജിസ്റ്റുമാരുടെ തസ്തികയും അനുവദിച്ചെങ്കില്‍ മാത്രമേ പ്രശ്‌നം താത്കാലികമായെങ്കിലും അവസാനിപ്പിക്കാന്‍ സാധിക്കുകയുള്ളു.