ബേനസീര്‍ വധം: മുഷറഫിന് മേല്‍ കുറ്റം ചുമത്തി

Posted on: August 20, 2013 11:08 am | Last updated: August 20, 2013 at 11:08 am
SHARE

musharafഇസ്‌ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പാകിസ്ഥാന്റെ മുന്‍ പ്രസിഡന്റും പട്ടാളമേധാവിയുമായിരുന്ന പര്‍വേസ് മുഷറഫിനെതിരെ കുറ്റം ചുമത്തി. റാവല്‍പിണ്ടിയിലെ തീവ്രവാദ വിരുദ്ധകോടതിയാണ് കേസ് പരിഗണിക്കുന്നത്. കൊലപാതകക്കുറ്റം, ക്രിമിനല്‍ ഗൂഢാലോചന, കൊലപാതകപ്രേരണ എന്നീ കുറ്റങ്ങളാണ് മുഷറഫിനുമേല്‍ ചുമത്തിയത്. പാകിസ്ഥാനില്‍ ഭരണം കയ്യാളിയ നാല് ജനറല്‍മാരില്‍ ആദ്യമായാണ് ഒരാള്‍ക്കെതിരെ കുറ്റം ചുമത്തുന്നത്. എന്നാല്‍ താന്‍ കുറ്റക്കാരനല്ലെന്ന് മുഷറഫ് കോടതിയില്‍ പറഞ്ഞു.

കുറ്റം തെളിഞ്ഞാല്‍ പരമാവധി വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കുമെന്ന് പ്രൊസിക്യൂഷന്‍ വക്കീല്‍ പറഞ്ഞു.

കഴിഞ്ഞ മൂന്ന് മാസത്തോളം വീട്ടുതടങ്കലിലായിരുന്ന മുഷറഫിനെ കനത്ത സുരക്ഷാവലയത്തിലാണ് കോടതിയില്‍ എത്തിച്ചത്. വ്യാപകമായ വധഭീഷണിയാണ് മുഷറഫിന് നേരെ ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ പോലീസ് മുന്‍ പ്രസിഡന്റിനെ കോടതിയില്‍ എത്തിക്കുമോ എന്ന് എല്ലവരും സംശയിച്ചിരുന്നു.

2007 ഡിസംബറിലാണ് ബേനസീര്‍ ഭൂട്ടോ വെടിവെപ്പില്‍ മരണപ്പെട്ടത്.