Connect with us

Kozhikode

പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ നല്‍കാനാകാതെ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍

Published

|

Last Updated

കൊടുവള്ളി: ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ നല്‍കാന്‍ പെടാപ്പാട്. സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷയില്‍ ബേങ്ക് അക്കൗണ്ട് നമ്പര്‍ നിര്‍ബന്ധമാക്കിയതാണ് പൊല്ലാപ്പായത്.
പ്ലസ് വണ്‍ ഏകജാലക പ്രക്രിയ നീണ്ടുപോയതിനാല്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകളും വിദ്യാലയങ്ങളും ഉറപ്പായത് ഏതാനും ദിവസം മുമ്പ് മാത്രമാണ്. വിദ്യാര്‍ഥി പഠിക്കുന്ന വിദ്യാലയ മേധാവിയില്‍ നിന്ന് ഫോട്ടോ പതിച്ച് ഒപ്പിട്ട സാക്ഷ്യപത്രം സീറോ ബാലന്‍സ് എസ് ബി അക്കൗണ്ട് തുടങ്ങാന്‍ നിര്‍ബന്ധമാണ്. അവ ഇപ്പോള്‍ വിവിധ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നിന്നും ലഭിച്ചുതുടങ്ങിയതേയുള്ളൂ.
ഒന്ന് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷക്കായി വിവിധ ബേങ്കുകളില്‍ സമര്‍പ്പിച്ച അപേക്ഷകള്‍ പാസ്ബുക്ക് നല്‍കാതെ കെട്ടിക്കിടക്കുകയാണ്. അതിനിടെയാണ് പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷക്കും ബേങ്ക് അക്കൗണ്ട് നിര്‍ബന്ധമാക്കിയത്. ഈ മാസം 24 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി.
ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അക്കൗണ്ടിനായി സമീപിച്ചപ്പോള്‍ കൊടുവള്ളി, നരിക്കുനി, കുന്ദമംഗലം പ്രദേശങ്ങളിലെ എസ് ബി ടി, എസ് ബി ഐ, കനറ, ഫെഡറല്‍ ബേങ്ക് അധികൃതര്‍ അപേക്ഷാഫോറം പോലും നല്‍കാതെ തിരിച്ചയക്കുന്നതായി പരാതിയുണ്ട്.

Latest