സൂപ്പര്‍ ജുവന്റസ്

Posted on: August 20, 2013 8:34 am | Last updated: August 20, 2013 at 8:34 am
SHARE

juventusറോം: ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് കിരീടം ജുവന്റസിന്. ഫൈനലില്‍ ലാസിയോയെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇറ്റാലിയന്‍ ചാമ്പ്യന്‍മാര്‍ സൂപ്പര്‍ കപ്പ് സ്വന്തമാക്കിയത്. ഇത് ആറാം തവണയാണ് ജുവന്റസ് കിരീടം തങ്ങളുടെ ഷോക്കേസിലെത്തിക്കുന്നത്. പോള്‍ പോഗ്ബ, ചെല്ലിനി, ലിച്‌സ്റ്റെയ്‌നര്‍, കാര്‍ലോസ് ടെവസ് എന്നിവരുടെ ഗോളുകളാണ് ഇറ്റാലിയന്‍ ചാമ്പ്യന്‍മാര്‍ക്ക് കിരീടം സമ്മാനിച്ചത്.
ആദ്യ പകുതിയില്‍ ഒറ്റ ഗോള്‍ നേടിയ ജുവന്റെസ് രണ്ടാം പകുതിയില്‍ 52, 54, 56 മിനുട്ടുകളില്‍ തുടര്‍ച്ചയായി വല ചലിപ്പിച്ചു. ജയത്തോടെ ഏറ്റവും കൂടുതല്‍ തവണ ഇറ്റാലിയന്‍ കപ്പും ലീഗ് ചാമ്പ്യന്‍ഷിപ്പും കരസ്ഥാമാക്കുന്ന ടീമെന്ന എ സി മിലാന്റെ റെക്കോര്‍ഡിനൊപ്പമെത്താനും ജുവന്റസിനായി.
അതേ സമയം ജുവന്റസ് ടീമിലെ പോള്‍ പോഗ്ബ, ആഞ്ജലോ ഒബോന, ക്വാഡ്‌വോ അസമോ എന്നിവരെ ലാസിയോ അനുകൂലികള്‍ വംശീയമായി അധിക്ഷേപിച്ചത് കറുത്ത അധ്യായമായി. മത്സരത്തിനിടയില്‍ ലൗഡ് സ്പീക്കറിലൂടെ കാണികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ടായിരുന്നു.
കളിയുടെ 23ാം മിനുട്ടില്‍ പോഗ്ബയാണ് ജുവന്റസിന് ആദ്യ ഗോള്‍ സമ്മാനിച്ചത്. രണ്ടാം പകുതി തുടങ്ങി 52ാം മിനുട്ടില്‍ ചെല്ലിനിയും 54ല്‍ ലിച്‌സ്റ്റെയ്‌നറും 56ല്‍ ടെവസ് വല ചലിപ്പിച്ചു.