പിസ്റ്റോറിയസിനെതിരെ കൊലക്കുറ്റം ചുമത്തി

Posted on: August 20, 2013 8:30 am | Last updated: August 20, 2013 at 8:40 am
SHARE

Oscar Pistoriusപ്രിട്ടോറിയ: കാമുകിയായ റീവ സ്റ്റീന്‍കാംപിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബ്ലേഡ് റണ്ണര്‍ ഓസ്‌കാര്‍ പിസ്റ്റോറിയസിനെതിരെ കൊലക്കുറ്റം ചുമത്തി. വിചാരണ അടുത്ത വര്‍ഷം മാര്‍ച്ച് മൂന്നിലേക്ക് മാറ്റി. കേസിന്റെ തുടര്‍ നടപടികള്‍ അടുത്ത വര്‍ഷം മാര്‍ച്ച് 20ന് പ്രിട്ടോറിയ ഹൈക്കോടതിയില്‍ നടക്കും. എട്ട് പേജുള്ള കുറ്റപത്രം ജഡ്ജി വായിച്ചപ്പോള്‍ പിസ്റ്റോറിയസ് വിതുമ്പുന്നുണ്ടായിരുന്നു. പിസ്റ്റോറിയസിന്റെ സഹോദരന്‍ കാളും സഹോദരി എയ്മിയും കോടതിയില്‍ എത്തിയിരുന്നു. ആസൂത്രിത കൊലപാതകവും നിയമ വിരുദ്ധമായി ആയുധം സൂക്ഷിച്ചതുമാണ് താരത്തിനെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍. ഇക്കഴിഞ്ഞ ഫെബ്രുവരി 14നാണ് അറസ്റ്റിലേക്ക് നയിച്ച സംഭവങ്ങള്‍ നടന്നത്. കാമുകിയായിരുന്ന റീവയെ പിസ്റ്റോറിയസിന്റെ വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ പിടിക്കപ്പെട്ടപ്പോള്‍ കുറ്റം നിഷേധിച്ച പിസ്റ്റോറിയസ് വീട്ടില്‍ അതിക്രമിച്ചു കയറിയ ആളാണെന്ന് കരുതിയാണ് വെടി വെച്ചതെന്നും വാദിച്ചിരുന്നു.