രാജിയില്ലാതെ സമരം തീരില്ല: പന്ന്യന്‍ രവീന്ദ്രന്‍

Posted on: August 20, 2013 1:10 am | Last updated: August 20, 2013 at 1:10 am
SHARE

ആലപ്പുഴ: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവെക്കാതെ എല്‍ ഡി എഫ് സമരം അവസാനിപ്പിക്കില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. പി കൃഷ്ണപിള്ളയുടെ 65 ാം ചരമവാര്‍ഷിക ദിനാചരണ ഭാഗമായി കണ്ണാര്‍ക്കാട് നടന്ന അനുസ്മരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സോളാര്‍ കേസില്‍ നിരവധി തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിസ്ഥാനത്ത് തുടരാന്‍ ഉമ്മന്‍ ചാണ്ടിക്ക് അര്‍ഹതയില്ല. എല്‍ ഡി എഫ് സെക്രട്ടേറിയറ്റ് ഉപരോധം നിര്‍ത്തിയതിലൂടെ അണികളെ വഞ്ചിച്ചുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. ത്യാഗത്തിന്റെ പുതിയ സമരമാതൃകയാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ എല്‍ ഡി എഫ് പ്രദര്‍ശിപ്പിച്ചതെന്നും പന്ന്യന്‍ പറഞ്ഞു.