Connect with us

Malappuram

ന്യൂനപക്ഷ സ്‌കൂളുകള്‍ക്കുള്ള കേന്ദ്ര ഫണ്ട് തട്ടാന്‍ ലോബികള്‍

Published

|

Last Updated

മലപ്പുറം: ന്യൂനപക്ഷ സ്‌കൂളുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന കോടികളുടെ ഫണ്ട് തട്ടാന്‍ സംസ്ഥാനത്ത് ലോബികള്‍ പ്രവര്‍ത്തിക്കുന്നു. ന്യൂനപക്ഷ പദവിയിലുള്ള എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കുള്ള ഫണ്ടാണ് അനര്‍ഹരുടെ കൈകളിലെത്തുന്നത്. ന്യൂനപക്ഷങ്ങള്‍ കൂടുതലായി പഠിക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് ഈ ഫണ്ട് നല്‍കുന്നുമില്ല.

വിദ്യാര്‍ഥികളില്‍ നിന്ന് ഭീമമായ ഫീസ് വാങ്ങിയും അധ്യാപക നിയമനത്തിനടക്കം ലക്ഷങ്ങള്‍ കോഴ വാങ്ങിയും പ്രവര്‍ത്തിക്കുന്ന പല സ്‌കൂളുകള്‍ക്കും കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാറിന്റെ ന്യൂനപക്ഷ ക്ഷേമ പദ്ധതിയിലൂടെ 50 ലക്ഷം രൂപ നല്‍കിയിട്ടുണ്ട്.
സ്‌കൂളുകള്‍ക്ക് ന്യൂനപക്ഷ പദവി നേടിക്കൊടുക്കുന്നതിന് പ്രത്യേക ലോബി തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. നിയമവിദഗ്ധരും ഉദ്യോഗസ്ഥ, രാഷ്ട്രീയ പ്രതിനിധികളുമടക്കമുള്ളവരാണ് ഇതി നു പിന്നില്‍. സ്‌കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താനായി ലഭിക്കുന്ന തുക പല മാനേജ്‌മെന്റുകളും സ്വന്തം സ്വത്താക്കിമാറ്റുകയാണ്. ഈ തുക കൊണ്ടുണ്ടാക്കുന്ന കെട്ടിടത്തില്‍ സര്‍ക്കാറിന് യാതൊരു അവകാശവുമുണ്ടായിരിക്കില്ല. ലഭ്യമാകുന്ന ഫണ്ട് കുട്ടിള്‍ക്ക് വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്താന്‍ മാനേജന്റുകള്‍ ശ്രമിക്കുന്നില്ലെന്നും പരാതിയുണ്ട്.
ട്രസ്റ്റുകള്‍ക്ക് കീഴിലുള്ള മാനേജ്‌മെന്റ് സ്‌കൂളുകള്‍ക്കാണ് ഫണ്ട് നല്‍കുക. ഇതിനായി പല സ്‌കൂളുകളും കടലാസ് ട്രസ്റ്റ് രൂപവത്കരിച്ചാണ് തുക തട്ടിയെടുക്കുന്നത്. മക്കളെയും അടുത്ത ബന്ധുക്കളെയും കൂട്ടി പേരി നൊരു ട്രസ്റ്റ് രൂപവത്കരിച്ച് ന്യൂനപക്ഷ പദവി നേടിയെടുത്ത ശേഷമാണ് ലക്ഷങ്ങള്‍ തട്ടിയെടുക്കുന്നത്. ട്രസ്റ്റുകള്‍ക്ക് കീഴിലുള്ള സ്‌കൂളുകള്‍ക്കാണ് ഫണ്ട് നല്‍കുന്നതെന്നതിനാല്‍ പല സ്‌കൂളുകളും ന്യൂനപക്ഷ പദവി നേടിയെടുക്കാനുള്ള നെട്ടോട്ടത്തിലുമാണ്.
സംസ്ഥാനതലത്തില്‍ രൂപവത്കരിക്കുന്ന ഗ്രാന്‍ഡ് ഇന്‍ എയ്ഡ് കമ്മിറ്റിയാണ് അപേക്ഷ പരിശോധിച്ച് യോഗ്യമായ സ്‌കൂളുകളുടെ പട്ടിക തയ്യാറാക്കുന്നത്. മൂന്ന് വര്‍ഷമായി പ്രവര്‍ത്തിക്കുന്നതും സന്നദ്ധ സംഘടനകള്‍, സൊസൈറ്റികള്‍, ട്രസ്റ്റുകള്‍ എന്നിവ നടത്തുന്നതുമായ അംഗീകാരമുള്ള സ്‌കൂളുകള്‍ക്കാണ് പദ്ധതിയില്‍ അംഗമാകാന്‍ യോഗ്യത. ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ എണ്ണം, പെണ്‍കുട്ടികളുടെ എണ്ണം, വിദ്യാഭ്യാസ, സാമൂഹിക പിന്നാക്കാവസ്ഥയുള്ള പ്രദേശം എന്നിവയെല്ലാം കണക്കിലെടുത്താണ് സ്‌കൂളുകളുടെ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. സംസ്ഥാനതല സമിതി സമര്‍പ്പിക്കുന്ന ലിസ്റ്റ് ദേശീയതലത്തിലുള്ള ഗ്രാന്‍ ഡ് ഇന്‍ എയ്ഡ് സമിതി വീണ്ടും പരിശോധിച്ച് അന്തിമ പട്ടിക തയ്യാറാക്കും. കൂടുതല്‍ ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളുകള്‍ക്കാണ് ന്യൂനപക്ഷ പദവി നല്‍കാറുള്ളത്. ന്യൂനപക്ഷ പദവിയുള്ള സ്‌കൂളുകള്‍ക്ക് പ്രധാനധ്യാപക, പ്രിന്‍സിപ്പല്‍ തസ്തിക നിയമനങ്ങളില്‍ സീനിയോറിറ്റി നോക്കാതെ നിയമനം നടത്താനും അധികാരമുണ്ട്. ഇ ത്തരം സ്‌കൂളുകളില്‍ പലതിലും സ്വന്തക്കാരെയാണ് പ്രധാന തസ്തികകളില്‍ നിയമിക്കുന്നതും.
മലപ്പുറം ജില്ലയിലെ ഒരു ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മുന്‍കാല പ്രാബല്യത്തോടെ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ന്യൂനപക്ഷ പദവി നല്‍കിയിരുന്നു. ഇത് പ്രിന്‍സിപ്പലിന് സ്വന്തക്കാരെ നിയമിക്കാന്‍ വേണ്ടിയായിരുന്നുവെന്നും ചില സംഘടനകള്‍ ആരോപിച്ചിരുന്നു.

 

Latest