Connect with us

Ongoing News

പി സി ജോര്‍ജിനെതിരെ നിയമനടപടിയുമായി ഷാഫി മേത്തര്‍

Published

|

Last Updated

തിരുവനന്തപുരം: അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജിനെതിരെ നിയമ നടപടികള്‍ ആരംഭിച്ചതായി മുഖ്യമന്ത്രിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മേത്തര്‍. തനിക്കെതിരെയുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ സത്യസ്ഥിതി കേരള സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടത് ആവശ്യമാണ്. അതുകൊണ്ട് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടുപോകും.

ജൂലൈ 19ന് നടന്ന ചാനല്‍ ചര്‍ച്ചകളില്‍ പി സി ജോര്‍ജ് തനിക്കെതിരെ ഉന്നയിച്ച ആരോപണം താന്‍ കേരള സര്‍ക്കാറില്‍ നിന്ന് ടി എ, ഡി എ ഇനത്തില്‍ 73.50 ലക്ഷം വാങ്ങിയെടുത്തു എന്നാണ്. അതേ ചാനല്‍ ചര്‍ച്ചകളില്‍ തന്നെ താന്‍ മറുപടിയും നല്‍കിയിരുന്നു. ആരോപണം ജോര്‍ജ് തെളിയിക്കുകയാണെങ്കില്‍ താന്‍ തന്റെ മുഴുവന്‍ സ്വത്തും ജോര്‍ജിനോ അദ്ദേഹം പറയുന്ന ധര്‍മ സ്ഥാപനത്തിനോ കേരള സംസ്ഥാനത്തിനോ ദാനമായി നല്‍കാന്‍ തയാറാണെന്ന് അറിയിച്ചിരുന്നു. മറിച്ച്, ജോര്‍ജ് ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ തനിക്കോ താന്‍ പറയുന്ന ധര്‍മ സ്ഥാപനത്തിനോ കേരള സംസ്ഥാനത്തിനോ ദാനമായി അദ്ദേഹം നല്‍കാന്‍ തയാറുണ്ടോ എന്നും താന്‍ വെല്ലുവിളിച്ചിരുന്നു.
എന്നാല്‍ ആരോപണം ഉന്നയിക്കുന്നതല്ലാതെ അത് തെളിയിക്കാന്‍ അദ്ദേഹം തയാറാകുന്നില്ല. ഈ പശ്ചാത്തലത്തില്‍ സത്യം സ്ഥാപിച്ചെടുക്കാനായി നിയമപരമായ ഒരു ആര്‍ബിട്രേഷന്‍ കരാര്‍ താന്‍ ജോര്‍ജിന് അയച്ചുകൊടുത്തു. അദ്ദേഹം അന്ന് ഉന്നയിച്ച മറ്റേത് ആരോപണങ്ങളിലും ഇതുപോലെ തന്നെ ആര്‍ബിട്രേഷന്‍ കരാറില്‍ ഏര്‍പെടാന്‍ താന്‍ തയാറാണ് എന്നുള്ള കാര്യം തന്റെ കത്തിലും ആര്‍ബിട്രേഷന്‍ കരാറിലും വ്യക്തമാക്കിയിട്ടുണ്ടെന്നും ഷാഫി മേത്തര്‍ അറിയിച്ചു.
വി എസ് അച്യുതാനന്ദന്‍, കെ സുരേന്ദ്രന്‍, വി എസ് സുനില്‍കുമാര്‍ എന്നിവര്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

Latest